ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതായി ഇൻസ്‌റ്റഗ്രാമിൽ കുറിച്ച് നടി ഇലിയാന ഡിക്രൂസ്. സലൈൻ ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് താരം പോസ്‌റ്റ് ചെയ്‌തത്. ആരാധക വൃത്തത്തെ നിരാശയിലാക്കിയ ചിത്രങ്ങൾക്കൊപ്പം തന്‍റെ അസുഖത്തെ കുറിച്ച് യാതൊരു വിവരവും നടി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം 'ശരിയായ സമയത്ത് വൈദ്യ പരിചരണം ലഭിച്ചു. താൻ സുഖം പ്രാപിക്കുന്നു. എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി,' ഇലിയാന മറ്റൊരു പോസ്‌റ്റിലൂടെ അറിയിച്ചു. ചികിത്സയിൽ ഉള്ളതായി കാണിച്ചും സുഖം പ്രാപിച്ചതുമായ രണ്ടു ചിത്രങ്ങൾ കൊളാഷ് ചെയ്‌ത രീതിയിൽ ഇലിയാന ഞായറാഴ്‌ച പങ്കുവച്ച ഇൻസ്‌റ്റഗ്രാം സ്‌റ്റോറിക്കൊപ്പം 'സുന്ദരിമാരായ ചില ഡോക്‌ടർമാരും മൂന്ന് ബാഗ് ഐവി ദ്രാവകങ്ങളും' എന്ന് കൂടി കൂട്ടിച്ചേർത്തിരുന്നു.
വ്യത്യസ്‌ത അവസ്ഥകളിൽ നടി ഇലിയാന പങ്കുവച്ച ചിത്രങ്ങൾ താരത്തിന്‍റെ അനാരോഗ്യത്തിൽ ആരാധകർ ചോദ്യങ്ങളുമായി എത്തിയപ്പോഴാണ് മറുപടിയായി താരം സുഖമായി ഇരിക്കുന്നുവെന്ന് അറിയിച്ചത്. 'തേരാ ക്യാ ഹോഗാ ലൗലി' യാണ് താരത്തിന്‍റെ ഇലിയാന ഡിക്രൂസിന്‍റെ അടുത്ത റിലീസിന് എത്തുന്ന ചിത്രം. ഹരിയാനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയ്‌ക്കൊപ്പമാണ് ഇലിയാന അഭിനയിക്കുന്നത്.
2022 നവംബർ 25 ന് ഗോവയിൽ നടന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തേരാ ക്യാ ഹോഗാ ലവ്‌ലി പ്രദർശിപ്പിച്ചിരുന്നു. സെന്തിൽ രാമമൂർത്തി, വിദ്യ ബാലൻ, പ്രതീക് ഗാന്ധി എന്നിവരോടൊപ്പമുള്ള താരത്തിന്‍റെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് വരെ പേര് നൽകിയിട്ടില്ലാത്ത സിനിമ ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ്.