ചെന്നൈ: മദ്രാസ് ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രസതന്ത്ര വിഭാഗം പ്രൊഫസര്‍ തലപ്പിൽ പ്രദീപിന് ‘പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൽ അസീസ് ഇന്‍റര്‍നാഷണൽ പ്രൈസ് ഫോർ വാട്ടർ’ (പിഎസ്ഐപിഡബ്ല്യു) പുരസ്‌കാരം. ജലവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് നല്‍കുന്ന 'ക്രിയേറ്റിവിറ്റി പ്രൈസ്' വിഭാഗത്തിന് കീഴിലുള്ള പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. കുടിവെള്ളത്തിൽ നിന്ന് ആർസെനിക്, വേഗത്തിലും ചെവവ് കുറഞ്ഞ രീതിയിലും നീക്കം ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദമായ 'വാട്ടർ പോസിറ്റീവ്' നാനോ സ്കെയിൽ വസ്‌തുക്കൾ പ്രൊഫസര്‍ ടി. പ്രദീപും സംഘവും വികസിപ്പിച്ചെടുത്തു. ഇതിനാണ് പുരസ്‌കാരം.
ജലഗവേഷണ മേഖലയില്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കുന്ന അന്താരാഷ്‌ട്ര ശാസ്ത്ര പുരസ്‌കാരമാണ് പിഎസ്ഐപിഡബ്ല്യു. ഇതിന്‍റെ പത്താം പതിപ്പാണ് പ്രദീപിനെയും സംഘത്തെയും തേടിയെത്തിയത്. 2002 ഒക്ടോബർ 21ന് സൗദി രാജകുമാരൻ സുൽത്താൻ ബിൻ അബ്‌ദുൽ അസീസ് അൽ സൗഅദ് സ്ഥാപിച്ചതാണ് ഈ ശാസ്ത്ര പുരസ്‌കാരം. സ്വർണ മെഡലും ഫലകവും സർട്ടിഫിക്കറ്റും 2 കോടി രൂപയുടെ ക്യാഷ് പ്രൈസുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.