കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് ഐഐടിയിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ; ഒരു മാസത്തിനുളളില്‍ രണ്ടാമത്തെ സംഭവം - ഹോസ്‌റ്റൽ

ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(ഐഐടി)എം.ടെക്ക് ഒന്നാം വർഷ വിദ്യാർഥിനിയായ മമിത(21) ആത്മഹത്യ ചെയ്‌ത നിലയില്‍. ഒരു മാസത്തിനുള്ളിൽ ഹൈദരാബാദ് ഐഐടിയിലെ രണ്ടാമത്തെ ആത്മഹത്യയാണിത്.

ഹൈദരബാദ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ
ഹൈദരാബാദ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ

By

Published : Aug 8, 2023, 5:44 PM IST

ഹൈദരാബാദ്: മാനസിക സമ്മർദം മൂലം ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(ഐഐടി) വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത നിലയില്‍. ഒഡിഷ സ്വദേശിനിയും എം.ടെക്ക് ഒന്നാം വർഷ വിദ്യാർഥിയുമായ മമിതയെ(21) ആണ് തിങ്കളാഴ്‌ച രാത്രി ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്‌റ്റലിലെ സഹപാഠികളാണ് മമിതയെ മരിച്ച നിലയിൽ കണ്ടത്.

ഉടന്‍ തന്നെ അവർ ഹോസ്‌റ്റൽ അധികൃതർക്ക് വിവരം നൽകുകയും തുടർന്ന് സംഗറെഡ്ഡി റൂറൽ പൊലീസിൽ അറിയിക്കുകയുമായിരുന്നു. മമിതയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. താൻ മാനസിക പിരിമുറുക്കം മൂലമാണ് ആത്മഹത്യ ചെയ്‌തതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും എഴുതിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ഇതോടെ ഒരു മാസത്തിനുള്ളില്‍ ഹൈദരാബാദ് ഐഐടി വിദ്യാര്‍ഥിയുടേതായി നടന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ജൂലൈ 17ന് ഐഐടി ബി.ടെക്ക് (മെക്കാനിക്കൽ) രണ്ടാം വർഷ വിദ്യാർഥിയും നൽഗൊണ്ട ജില്ലയിലെ മിരിയാൽഗുഡ സ്വദേശിയുമായ കാർത്തിക്(21) ക്യാമ്പസിൽ നിന്ന് പോവുകയും വിശാഖപട്ടണത്തുളള കടലിൽ മുങ്ങി ആത്മഹത്യ ചെയ്യുകയും ചെയ്‌തിരുന്നു.

വിശാഖപട്ടണം ബീച്ചിൽ നിന്ന് ജൂലൈ 25 ന് ഇയാളുടെ മൃതദേഹം കണ്ടെത്തി.പരീക്ഷകളിലെ പിന്നാക്കാവസ്ഥ മറികടക്കാൻ കഴിയാത്തതിൽ കാർത്തിക് അസ്വസ്ഥനായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാജസ്ഥാൻ സ്വദേശിയായ മേഘ കപൂർ (22) ഐഐടി ഹൈദരാബാദ് കാമ്പസിനു സമീപമുള്ള സംഗറെഡ്ഡി ടൗണിലെ ലോഡ്‌ജിൽ നിന്ന് ചാടി മരിച്ചിരുന്നു.

മൂന്ന് മാസം മുമ്പ് ഐഐടി-എച്ചിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ മേഘ ഒരു ലോഡ്‌ജിൽ ആയിരുന്നു താമസിച്ചത്. ഓഗസ്‌റ്റിൽ ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ നന്ദ്യാൽ സ്വദേശിയും രണ്ടാം വർഷ എംടെക് വിദ്യാർത്ഥിയുമായ ജി.രാഹുലും ഹോസ്റ്റൽ മുറിയിൽ മരിച്ചിരുന്നു. ഇതോടെ ഹൈദരാബാദ് ഐഐടിയിലെ നാല് വിദ്യാർഥികളാണ് ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്. ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലുളള കാണ്ടിയിലാണ് ഐഐടി ഹൈദരാബാദ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.

ALSO READ:കൃഷിയിടത്തില്‍ വെള്ളമില്ല; പഞ്ചായത്ത് കെട്ടിടത്തിൽ കയറി കര്‍ഷകന്‍റെ ആത്മഹത്യ ഭീഷണി

അടുത്തിടെ പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കർഷകനെ അനുനയിപ്പിച്ച് താഴെയിറക്കിയിരുന്നു. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാൻ അയൽവാസി തടസം നിൽക്കുന്നുവെന്ന് ആരോപിച്ച ബിജുമോൻ എന്ന നെൽ കർഷകനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അയൽവാസി നൽകിയ കേസ് നിലനിൽക്കുന്നതിനാൽ സ്വന്തം കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നില്ലെന്നും പാടത്തേക്കുള്ള ചാൽ അയൽവാസി അടച്ചെന്നും ബിജുവിന്‍റെ പരാതിയിൽ പറയുന്നു. ഇതോടെ വെള്ളച്ചാൽ തുറക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി ബിജു കൃഷി ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ല. തോട് തുറക്കാൻ ആർക്കും പറ്റാത്ത വിധം അയൽവാസി കോടതിയിൽ നിന്നു ഉത്തരവ് സമ്പാദിക്കുകയും ചെയ്‌തു. ഇതോടെ നിർവാഹമില്ലാതെ വന്നപ്പോളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസും ഫയർ ഫോഴ്‌സുമെത്തിയിട്ടും ബിജുമോൻ താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയാണ് ബിജുവിനെ താഴെയിറക്കിയത്

ABOUT THE AUTHOR

...view details