മുംബൈ:ബോംബൈ ഐഐടിയിലെ ബിടെക്ക് ഒന്നാം വര്‍ഷ ദലിത് വിദ്യാര്‍ഥി ഹോസ്‌റ്റലില്‍ മരിച്ച നിലയില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദര്‍ശന്‍ സോളങ്കി(18) ആണ് മരിച്ചത്. യുവാവിന്‍റെ മരണത്തിന് പിന്നില്‍ കാമ്പസിലെ ജാതീയപരമായുള്ളതും സംവരണപരമായുള്ളതുമായ വിവേചനമെന്നാരോപിച്ച് വിദ്യാര്‍ഥി കൂട്ടായ്‌മകള്‍ രംഗത്തെത്തി. നഗരത്തിലെ പൊവയ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഐഐടിയിലെ ബി.ടെക്ക് മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ് മരിച്ച ദര്‍ശന്‍ സോളങ്കി.
വിവേചനം നടത്തി കൊലപ്പെടുത്തിയത്:വിദ്യാര്‍ഥിയുടെ മരണം സംവരണ വിരുദ്ധ വികാരങ്ങളുടെ ഫലമായുള്ളതാണെന്നാരോപിച്ച് ബോംബൈ ഐഐടിയിലെ അംബേദ്‌കര്‍ പെരിയാര്‍ ഫൂലെ സ്‌റ്റഡി സര്‍ക്കിള്‍ (എപിപിഎസ്‌സി) രംഗത്തെത്തി. ദര്‍ശന്‍ സോളങ്കിയുടെ മരണം വ്യവസ്ഥാപിത സങ്കല്‍പം നടത്തിയ കൊലപാതകമാണെന്നും എപിപിഎസ്‌സി കുറ്റപ്പെടുത്തി. ബി.ടെക്ക് പഠനത്തിനായി മൂന്ന് മാസം മുമ്പ് ബോംബൈ ഐഐടിയില്‍ ചേര്‍ന്ന ദര്‍ശന്‍ സോളങ്കി എന്ന 18 കാരനായ ദലിത് വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. ഇത് വ്യക്തിപരമോ ഒരാളെ ബാധിക്കുന്നതോ ആയ വിഷയമല്ലെന്നും മറിച്ച് വ്യവസ്ഥാപിതമായ സങ്കല്‍പം മുഖേനയുള്ള കൊലപാതകമാണെന്ന് മനസിലാക്കണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇനിയും എത്രപേര്‍: ഞങ്ങള്‍ പരാതിപ്പെട്ടിട്ടും ദലിത് ബഹുജന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചില്ല. സംവരണ വിരുദ്ധ വികാരങ്ങള്‍ക്കും അര്‍ഹതയില്ല എന്ന പരിഹാസങ്ങള്‍ക്കും ഏറ്റവുമധികം പീഡനം നേരിടുന്നത് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്. പാര്‍ശ്വവത്‌കരിക്കപ്പെട്ടവരില്‍ നിന്നുള്ള ഫാക്കല്‍ട്ടികളുടെയും കൗണ്‍സിലര്‍മാരുടെയും പ്രാതിനിധ്യത്തിന്‍റെ കുറവാണിതെന്നും മറ്റൊരു ട്വീറ്റും ഇതിന് പിന്നാലെ എത്തി. ഇനിയും എത്ര ദര്‍ശന്‍മാരും അനികേതുമാരും മരിക്കണം?. മരിച്ചയാളുടെ കുടുംബത്തോട് ഞങ്ങൾക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ട്. ഒരു സമൂഹമെന്ന നിലയിൽ, ഒരു സ്ഥാപനമെന്ന നിലയിൽ, നമ്മള്‍ എന്താണ് ആഘോഷിക്കപ്പെടുന്നത് എന്ന് അംബേദ്‌കര്‍ പെരിയാര്‍ ഫൂലെ സ്‌റ്റഡി സര്‍ക്കിള്‍ (എപിപിഎസ്‌സി) തൊട്ടുപിന്നാലെ പ്രസ്‌താവനയുമായി ട്വിറ്ററിലെത്തി.
കാരണം തേടി പൊലീസ്:അതേസമയം ഐഐടിയുടെ ഹോസ്‌റ്റല്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ഹോസ്‌റ്റല്‍ മുറിക്കകത്തുനിന്ന് കുറിപ്പുകളൊന്നും കണ്ടെടുക്കാത്തതിനാല്‍ മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഇന്‍സ്‌റ്റിറ്റ്യൂട്ട് കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.