മുംബൈ: മെസ് കൗണ്‍സിലിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി ഐഐടി ബോംബെ (Indian Institute Of Technology Bombay). മെസിനുള്ളില്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായി അധികൃതര്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയതിനെതിരെ ആയിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ 10,000 രൂപ പിഴയൊടുക്കണമെന്നാണ് ഐഐടി ബോംബെയുടെ നിര്‍ദേശം (IIT Bombay Impose Fine To Students).
ഐഐടി ബോംബെയിലെ 12, 13, 14 ഹോസ്റ്റലുകളിലെ കൗണ്‍സിലുകളാണ് മെസിലെ പുതിയ സജ്ജീകരണങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ അറിയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ മാത്രമായിരിക്കണം പുതിയ ഇരിപ്പിടങ്ങളില്‍ ഇരിക്കേണ്ടതെന്നുമായിരുന്നു മെസ് കൗണ്‍സില്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇതിന് പിന്നാലെ ക്യാംപസിലെ ചില വിദ്യാര്‍ഥികള്‍ കൗണ്‍സിലിന്‍റെ നിര്‍ദേശങ്ങള്‍ തള്ളി വെജിറ്റേറിയന്‍ ആഹാരം കഴിക്കുന്നവര്‍ക്കായി മാറ്റിയിരുന്ന ആറ് ഇരിപ്പിടങ്ങളില്‍ ഇരുന്ന് മാംസാഹാരം കഴിച്ചായിരുന്നു പ്രതിഷേധിച്ചത്.
സെപ്‌റ്റംബര്‍ 28നായിരുന്നു വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മെസില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രം പ്രത്യേക ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയതിലൂടെ വിദ്യാര്‍ഥികളെ ജാതീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളാണ് മെസ് കൗണ്‍സില്‍ നടത്തുന്നതെന്ന് വിദ്യാര്‍ഥികളുടെ കൂട്ടായ്‌മ ആരോപിച്ചു. അതേസമയം, ഹോസ്റ്റലിലെ സമാധാന അന്തരീക്ഷവും വിദ്യാര്‍ഥികള്‍ക്കിടയിലെ ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെന്നാണ് മെസ് കൗണ്‍സില്‍ സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.