മുംബൈ: ചണ്ഡീഗഢ് സർവകലാശാലയിൽ വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഐഐടി ബോംബെയിലും സമാന സംഭവം റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ച(18.09.2022) രാത്രി പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ കടന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കാന്‍റീൻ ജീവനക്കാരനെ പൊവായ് പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാർഥിനിയുടെ പരാതിയിൽ പിന്‍റു എന്നയാളെയാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. ഐപിസി സെക്ഷൻ 356 സി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
ഐഐടി ബോംബെയിൽ വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; കാന്‍റീൻ ജീവനക്കാരൻ അറസ്റ്റിൽ - വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ
ഞായറാഴ്‌ച രാത്രി ഐഐടി ബോംബെയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ കടന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെയാണ് അറസ്റ്റ് ചെയ്‌തത്.
പ്രതിയിൽ നിന്നും ദൃശ്യങ്ങൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊവായ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബുഥൻ സാവന്ത് പറഞ്ഞു. സംഭവത്തെ അപലപിച്ച ഐഐടി ബോംബെ വിദ്യാർഥികൾക്കൊപ്പമാണെന്ന് പറഞ്ഞു.
സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐഐടി ബോംബെ ഡീൻ (സ്റ്റുഡന്‍റ് അഫയേഴ്‌സ്) പ്രൊഫസർ തപനേന്ദു കുണ്ടു വ്യക്തമാക്കി. പുറത്ത് നിന്ന് കുളിമുറിയിലേക്കുള്ള പ്രവേശനം അടച്ചു. ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഹോസ്റ്റൽ നമ്പർ 10ൽ പരിശോധന നടത്തിയ ശേഷം സി.സി.ടി.വി കാമറകളും ആവശ്യമായ സ്ഥലങ്ങളിൽ ലൈറ്റുകളും സ്ഥാപിച്ചു. പുരുഷ തൊഴിലാളികളാണ് രാത്രി കാന്‍റീൻ നടത്തിയിരുന്നത്. കാന്‍റീനിൽ വനിത ജീവനക്കാരെ മാത്രം നിയമിക്കുമെന്ന് തപനേന്ദു കുണ്ടു അറിയിച്ചു.