ബെംഗളുരു: ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ വർത്തിക കത്തിയാറിനെതിരെ നടിപടി ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ നിതിൻ സുഭാഷ് ലോല. വർത്തിക കത്തിയാർ ഭർത്താവായ ലോലയ്ക്കെതിരെ സ്ത്രീധന പീഡനം, ആസിഡ് ആക്രമണം, വധ ഭീഷണി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയതിന് പിന്നാലെയാണ് ലോല കത്തയച്ചത്.
ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലോല കത്തിൽ ഉന്നയിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയുടെ മരണത്തിൽ വർത്തികയ്ക്ക് പങ്കുണ്ടെന്ന് കത്തിൽ പറയുന്നു. 2017 മെയ് 17നാണ് കർണാടക കേഡർ ഐഎഎസ് ഓഫിസർ അനുരാഗ് തിവാരിയെ (36) ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസിന് പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ വർത്തിക അയാസ് ഖാൻ എന്ന വ്യക്തിയുമായി വിവിധ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തുവെന്നും സിവിൽ സർവീസ് നിയമങ്ങൾ ലംഘിച്ച് കാസിനോ സന്ദർശിച്ചുവെന്നും കത്തിൽ പരാമർശിക്കുന്നു.