ലഖ്‌നൗ : 2024ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കാണണമെങ്കിൽ, 2022ൽ വീണ്ടും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'മേരാ പരിവാർ-ബിജെപി പരിവാർ' മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിൽ യുപിയുടെ പ്രാധാന്യം അടിവരയിട്ട് സംസാരിച്ച ആഭ്യന്തരമന്ത്രി, യോഗിയെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ ഉത്തർപ്രദേശിനെ 'നമ്പർ വൺ' സംസ്ഥാനമാക്കുമെന്നും പറഞ്ഞു.
ബിജെപിയോടൊപ്പം യുപിയില്ലാതെ നരേന്ദ്രമോദി സർക്കാർ ഉണ്ടാകില്ലെന്നും 2014ലും 2019ലും മോദി സർക്കാർ രൂപീകരിക്കാനായതിന്‍റെ മുഴുവൻ ക്രെഡിറ്റും ഇവിടുത്തെ ജനതയ്ക്കാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ALSO READ: ജിഎസ്‌ടിയിലാണ് ചര്‍ച്ചയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍, കേരളമുണ്ടെങ്കിലേ നികുതിയുള്ളൂവെന്ന് തിരുവഞ്ചൂര്‍
2017ലെ പ്രകടനപത്രികയിൽ നൽകിയ വാഗ്‌ദാനങ്ങളിൽ 90 ശതമാനവും ബിജെപി സർക്കാർ നിറവേറ്റിയിട്ടുണ്ട്. ബാക്കിയുള്ള 10 ശതമാനം രണ്ട് മാസത്തിനകം യോഗി സർക്കാർ പൂർത്തീകരിക്കും. 2022ൽ ബിജെപി 300 സീറ്റുകൾ കടക്കുമെന്നും യോഗി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് വാദി പാർട്ടിയും (ബിഎസ്‌പി) നടത്തിയ കള്ളക്കളികളാണ് യുപിയുടെ നാശത്തിന് വഴിതെളിച്ചത്. യുപിയുടെ ക്രമസമാധാന നില കണ്ട് തന്‍റെ രക്തം തിളയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ പടിഞ്ഞാറൻ യുപിയിൽ നിന്ന് നിരവധി പേരാണ് കുടിയോഴിപ്പിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ആരും ആരെയും കുടിയൊഴിപ്പിക്കാൻ ധൈര്യപ്പെടുന്നില്ല. ഇത്തരമൊരു മാറ്റം ബിജെപി സർക്കാര്‍ വന്നതിന് ശേഷമാണെന്നും അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2017ല്‍ 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 39.67 ശതമാനം വോട്ട് വിഹിതം നിലനിർത്തുകയും ചെയ്‌തു.