ന്യൂഡൽഹി:കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ ഓക്സിജൻ എടുക്കുന്നതിലോ വിതരണം ചെയ്യുന്നതിലോ തടസ്സമുണ്ടാക്കിയാൽ അവർക്കെതിരെ കർശന നിയമനടപടിയെന്ന് ഡൽഹി ഹൈക്കോടതി.
'ഞങ്ങൾ അയാളെ തൂക്കിലേറ്റും, ആരെയും ഒഴിവാക്കില്ല': ഡൽഹി ഹൈക്കോടതി - ന്യൂഡൽഹി
ഓക്സിജൻ വിതരണത്തിൽ തടസ്സമുണ്ടാക്കുന്നവർക്കെതിരെ കർശന നിയമ നടപടികളെന്ന് ഡൽഹി ഹൈക്കോടതി.ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.
കൊവിഡ് രോഗികൾക്ക് ഓക്സിജന്‍റെ അഭാവം സംബന്ധിച്ച് മഹാരാജ അഗ്രാസെൻ ആശുപത്രി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പള്ളിയുടെയും നിരീക്ഷണം. ആരാണ് ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തിയതെന്നതിന്‍റെ ഒരു ഉദാഹരണം നൽകണമെന്ന് കോടതി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു, 'ഞങ്ങൾ അയാളെ തൂക്കിലേറ്റും, ആരെയും ഒഴിവാക്കില്ല', ബെഞ്ച് കൂട്ടിച്ചേർത്തു. പ്രാദേശിക ഭരണകൂടത്തിലെ ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും കോടതി ഡൽഹി സർക്കാരിനോട് പറഞ്ഞു.