അറാ (ബിഹാർ):ബിഹാറിലെ ഭോജ്‌പൂർ ജില്ലയിൽ 27 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൊലീസ് സ്‌റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ഹനുമാന്‍റെയും വിശുദ്ധ ബർബർ സ്വാമിയുടെയും വിഗ്രഹങ്ങൾ ഭക്തർക്ക് കൈമാറി. ഹനുമാൻ വിഗ്രഹം പൊലീസ് സ്റ്റേഷനിൽ നിന്ന് ഭക്തർ സ്വീകരിച്ചത് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ്. മതപരമായ ഘോഷയാത്രയും അനുബന്ധമായി സംഘടിപ്പിച്ചു.
ഭോജ്‌പൂർ ജില്ലയിലെ ബർഹാര ബ്ലോക്കിന് കീഴിലുള്ള കൃഷ്‌ണഗഡ് പൊലീസ് ഔട്ട്‌പോസ്‌റ്റിൽ നിന്നാണ് ഹനുമാന്‍റെയും വിശുദ്ധ ബർബർ സ്വാമിയുടെയും വിഗ്രഹങ്ങൾ പുറത്തെടുത്തത്. അറാ സിവിൽ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി സത്യേന്ദ്ര സിങ്ങാണ് ഹനുമാൻ വിഗ്രഹം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടുനൽകാൻ ഉത്തരവിട്ടത്.
1994 മെയ് 29 ന് ജില്ലയിലെ ഗുണ്ടി ഗ്രാമത്തിലെ ശ്രീരംഗനാഥ ഭഗവാൻ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ഹനുമാന്‍റെയും സെന്‍റ് ബർബറിന്‍റെയും വിഗ്രഹം കള്ളന്മാർ മോഷ്‌ടിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരി ജനേശ്വർ ദ്വിവേദി അജ്ഞാതരായ അക്രമികൾക്കെതിരെ കൃഷ്‌ണഗഡ് പൊലീസ് ഔട്ട്‌പോസ്‌റ്റിൽ കേസ് നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ പൊലീസ് രണ്ട് വിഗ്രഹങ്ങളും ഒരു കിണറ്റിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
കണ്ടെടുത്ത വിഗ്രഹങ്ങൾ കൃഷ്‌ണഗഡ് പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചു വരികയായിരുന്നു. വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പുനഃപ്രതിഷ്‌ഠിക്കുന്നതിനുള്ള ചടങ്ങുകൾ നടന്നു വരികയാണ്. ബിഹാർ റിലീജിയസ് ട്രസ്റ്റ് ബോർഡ് മുൻ ചെയർമാൻ ആചാര്യ കിഷോർ കുനാൽ, അറാ സിവിൽ കോടതിയിലെ അഭിഭാഷകൻ അജിത് കുമാർ ദുബെ എന്നിവർ വിഗ്രഹങ്ങൾ തിരികെ എത്തിക്കാൻ നിയമ പോരാട്ടം നടത്തിയതിൽ പ്രധാനികളാണ്.