വിഗ്രഹം കൊത്തിയെടുത്തത് കൃഷ്‌ണ ശിലയില്‍ മൈസൂർ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്ക്കായി മൈസൂരില്‍ നിന്നും വിഗ്രഹം (Idol Of Balarama Selected For Ayodhya). ജനുവരി 22-ന് നടക്കുന്ന പ്രതിഷ്‌ഠയ്‌ക്ക് മൈസൂരില്‍ നിന്നുമുള്ള ശിൽപി അരുൺ യോഗിരാജും സംഘവും നിര്‍മ്മിച്ച വിഗ്രഹമാണ് തിരഞ്ഞെടുത്തത്. എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജെഗൗഡനപുരയിൽ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ് വിഗ്രഹം കൊത്തിയെടുത്തത്.
ഗുജ്ജെഗൗഡനപുരയിലെ രാംദാസിന്‍റെ കൃഷിഭൂമിയില്‍ നിന്നാണ് കൃഷ്‌ണശില കണ്ടെടുത്തതെന്നും ഈ ഭൂമിയിൽ കല്ല് ഖനനം ചെയ്യാൻ അനുമതി ലഭിച്ച ശ്രീനിവാസ് ജോലി ചെയ്യുന്നതിനിടെയാണ് അപൂർവമായ കൃഷ്‌ണശില കണ്ടെത്തിയതെന്നും ശിൽപിയായ അരുൺ യോഗിരാജിന്‍റെ സഹോദരൻ ശിൽപി സൂര്യപ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് കല്ലുകൾ കണ്ടെത്തിയത്. അതേ സമയം ശ്രീരാമ വിഗ്രഹത്തിന് വേണ്ടിയുള്ള കല്ലുകൾക്കായി അരുൺ യോഗിരാജും സംഘവും തെരച്ചിൽ നടത്തുകയായിരുന്നു.
കണ്ടെത്തിയ കല്ലിനെക്കുറിച്ച് സ്ഥലമുടമ രാംദാസ് അരുൺ യോഗിരാജിന്‍റെ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് അരുൺ യോഗിരാജ് ഉടൻ ശിൽപികളായ മനയ്യ ബാഡിഗർ, സുരേന്ദ്ര ശർമ എന്നിവരെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി കല്ലുകൾ പരിശോധിച്ചപ്പോൾ, ആ കല്ലുകൾ കൃഷ്‌ണശിലയാണെന്നും വിഗ്രഹം നിർമ്മിക്കാൻ അനുയോജ്യമാണെന്നുമുള്ള നിഗമനത്തിലെത്തി. തുടർന്ന് 2023 ഫെബ്രുവരി 9 ന് 17 ടൺ ഭാരമുള്ള 5 കൃഷ്‌ണ ശിലകൾ അയോധ്യയിലേക്ക് അയച്ചു. ബാലരാമൻ, സീതാമാതാവ്, ലക്ഷ്‌മണൻ എന്നിവരുടെ വിഗ്രഹങ്ങൾ കൊത്തിവയ്ക്കാനാണ് കല്ലുകൾ കൊണ്ടുപോയത്. ഖനി പാട്ടത്തിനെടുത്ത ശ്രീനിവാസ് ഈ കല്ലുകൾ ശ്രീരാമമന്ദിർ ട്രസ്റ്റിലേക്ക് സൗജന്യമായി നല്‍കി.
'എന്‍റെ സഹോദരൻ കൃഷ്‌ണശിലയില്‍ കൊത്തിയെടുത്ത ബാലരാമ ശില്‍പ്പം അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നു, ജീവിതത്തിൽ ഇത്തരമൊരു അവസരം ഒരു ശിൽപിക്ക് ലഭിക്കുന്നത് അപൂർവമാണ്, അദ്ദേഹത്തിന് ഇത്തരമൊരു അവസരം ലഭിച്ചു. അദ്ദേഹത്തിന്‍റെ കൈകൊണ്ട് കൊത്തിയെടുത്ത ബലരാമനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും സഹോദരനായ സൂര്യപ്രകാശ് വ്യക്തമാക്കി.
എച്ച്ഡി കോട്ടെ പ്രദേശത്ത് കാണപ്പെടുന്ന ഒരുതരം പാറക്കല്ലാണ് കൃഷ്‌ണ ശില. ഇതിനെ സാധാരണയായി ബലപാദ കല്ല് (സോപ്പ്സ്റ്റോൺ) എന്ന് വിളിക്കുന്നു. ഈ കല്ല് 9x9 ഇഞ്ച് അല്ലെങ്കിൽ 1x1 അടി ചതുരാകൃതിയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ബലപാദ കല്ല് വളരെ മിനുസമാർന്നതാണ്. കൃഷ്‌ണ ശിലയ്‌ക്കും സമാനമായ ശൈലിയാണ് കൂടാതെ ഇവയ്‌ക്ക് ഇരുമ്പിനേക്കാള്‍ കാഠിന്യവുമുണ്ട്. കൃഷ്‌ണ ശില ഭൂമിയില്‍ നിന്ന് ഏകദേശം 50 മുതൽ 60 അടി വരെ ആഴത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഈ കല്ലുകൾ കണ്ടെത്തിയാൽ കേടുപാടുകൾ വരുത്താതെ മണ്ണിൽ നിന്ന് വേർപെടുത്തണം. ഇങ്ങനെ വേർപെടുത്തിയ കല്ലുകളാണ് ശിൽപം കൊത്തിയെടുക്കാൻ ഉപയോഗിക്കുന്നത്. ബാലരാമ വിഗ്രഹം കൊത്തിയിരിക്കുന്ന കൃഷ്‌ണശില ഖനി പാട്ടത്തിനെടുത്തിരിക്കുന്ന ശ്രീനിവാസാണ് സൗജന്യമായി നൽകിയതാണ്. അഞ്ച് തലമുറകളായി ഞങ്ങൾ ഈ ശിൽപ്പ ജോലികള്‍ ചെയ്യുന്നു. അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ് സഹോദരൻ അരുൺ യോഗിരാജ് ഇതിന്‍റെ തെളിവാണെന്നും സൂര്യപ്രകാശ് വിശദീകരിച്ചു.
ഞങ്ങളുടെ മുത്തച്ഛൻ ഒരുപാട് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുത്തച്ഛന്‍റെ മരണ ശേഷം ഞങ്ങളുടെ പിതാവ് മുത്തച്ഛനേക്കാൾ വലിയ ജോലികളും ചെയ്‌തിട്ടുണ്ട്. അവരുടെ കാലത്ത് മാധ്യമങ്ങൾ ഇല്ലായിരുന്നു. എന്നാല്‍ അച്ഛൻ പറയുമായിരുന്നു, എപ്പോഴും ഭക്തിയോടെ പ്രവർത്തിക്കുക. അത് മതി, മറ്റ് മാർക്കറ്റിംഗോ പരസ്യമോ ആവശ്യമില്ല. നമ്മൾ ഇരിക്കുന്നിടത്താണ് നിധി. ആദ്യം, ശരിയായി ഇരിക്കാൻ പഠിക്കുക. കാരണം ഒരു ശില്‍പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ജോലി ചെയ്യുമ്പോൾ ശരിയായി ഇരിക്കുക എന്നതാണ്. ആ വാക്കുകളുടെ അർത്ഥം ഇന്ന് മനസിലാക്കുന്നു.
സഹോദരൻ വളരെ ചെറുപ്പത്തിൽ തന്നെ വലിയ നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഓരോ ശില്‍പിക്കും ഒരുപാട് സ്വപ്‌നങ്ങളുണ്ട്. സ്വപ്‌നം കാണുന്നത് പ്രധാനമല്ല എന്നാല്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കേണ്ടത് പ്രധാനമാണ്. 27 വർഷത്തെ അനുഭവം അനുസരിച്ച്, ഈ കല്ല് 900 മാത്രമല്ല, 1200 വർഷത്തോളം കേടൊന്നും സംഭവിക്കാതെ നിലനില്‍ക്കും എന്തെന്നാല്‍ 1953ൽ മൈസൂർ കൊട്ടാരത്തിൽ മുത്തച്ഛൻ ഉണ്ടാക്കിയ വിഗ്രഹങ്ങൾ ഇന്ന് കണ്ടാൽ പോലും പുതുതായി ഉണ്ടാക്കിയവയാണെന്ന് തോന്നും.
എണ്ണ കൊണ്ടുള്ള അഭിഷേകമോ ജലാഭിഷേകമോ മറ്റെന്തെങ്കിലും അഭിഷേകമോ നടത്തിയാലും എത്ര വർഷം കഴിഞ്ഞാലും കല്ലിന് ഒരു കാരണവശാലും ഒന്നും സംഭവിക്കില്ലെന്നും. ഇതിന് പുറമെ ഇവിടെ നിന്ന് വാങ്ങിയ കല്ല് കോലാറിലെ ലാബിൽ പരിശോധിച്ച് അവിടെ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കമ്മറ്റി സമ്മതിച്ചതെന്നും സൂര്യപ്രകാശ് കൂട്ടിചേര്‍ത്തു.