ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നേരത്തെ നിശ്ചയിച്ച പ്രകാരം പീന്നീടുള്ള തീയതിയില്‍ നടത്തും. കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി - ന്യൂഡല്‍ഹി
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം
കൊവിഡ് വ്യാപനം കണക്കിലെടുത്ത് വെള്ളിയാഴ്‌ച ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വച്ചതായി സിഐഎസ്‌സിഇ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മെയ് 4 മുതലായിരുന്നു നേരത്തെ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂണില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഗെറി ആരത്തോണ്‍ നേരത്തെ അറിയിച്ചിരുന്നത്. ഈ ആഴ്‌ച ആദ്യം സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്‌തിരുന്നു.
സിഐഎസ്‌സിഇ അഫിലിയേറ്റ് ചെയ്‌ത സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസുകളിലേക്കുള്ള പ്രവേശനം തുടങ്ങിയില്ലെങ്കില്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്താനും സിഐഎസ്‌സിഇ നിര്‍ദേശിച്ചിട്ടുണ്ട്.