ന്യൂഡൽഹി: രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ നിര്‍ണായക വിലയിരുത്തലുകളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കുന്നത് അടിയന്തര ആവശ്യമാണോയെന്നത് വിശദമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നാണ് ഐസിഎംആറിന്‍റെ വിലയിരുത്തല്‍.
"ഇപ്പോൾ ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. വളരെ ചെറിയ കുട്ടികൾക്ക് എപ്പോഴെങ്കിലും ഒരു വാക്സിൻ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും ഒരു ചോദ്യമാണ്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ പക്കലുണ്ട്. അത് പ്രകാരം കുട്ടികള്‍ക്ക് വിപുലമായി മരുന്ന് നല്‍കണമെന്ന് അന്തിമ തീരുമാനമെടുക്കാനാകില്ലെന്ന് ഐസിഎംആർ ഡിജി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
ഭാരത് ബയോടെക് പരീക്ഷണം തുടരുന്നു
കുട്ടികള്‍ മരുന്ന് നല്‍കുന്നത് സംബന്ധിച്ച പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇതിന്‍റെ ഫലം സെപ്റ്റംബറോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതുണ്ടോ എന്നത് അന്തരാഷ്‌ട്ര തലത്തില്‍ ഇപ്പോഴും ചർച്ചയാകുന്ന വിഷയമാണ്. അമേരിക്കയിൽ ചില സങ്കീർണതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്‌ടർ ബല്‍റാം ഭാർഗവ പറഞ്ഞു.