ന്യൂഡൽഹി:രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ജീവിത ശൈലീരോഗങ്ങളില്‍ ഉള്‍പ്പെട്ട പ്രമേഹം ആളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ആഗോളതലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശങ്ക സൃഷ്‌ടിക്കുന്ന റിപ്പോര്‍ട്ടാണ് ഈ രോഗത്തെ സംബന്ധിച്ച് പുതുതായി പുറത്തുവന്നിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ 'ടൈപ്പ് 1 പ്രമേഹം' വ്യാപകമായി സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്‍റെ സമീപകാല കണക്കുകൾ ചൂണ്ടിക്കാട്ടി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) ഇതേക്കുറിച്ച് മാർനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടികളെ ബാധിക്കുന്ന പ്രമേഹം:രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയയാണ് (Hyperglycemia) രാജ്യത്ത് ആളുകളില്‍ കാണപ്പെടുന്നത്. 100000 പേരില്‍ 4.9 കേസുകളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്. ടൈപ്പ് ഒന്നില്‍പ്പെട്ട പ്രമേഹ രോഗം 10-14 വയസിനിടെയില്‍ ഉള്ള കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍, ഏത് പ്രായത്തിലുള്ള വ്യക്തിയെയും ഈ രോഗം ബാധിക്കാമെന്നതാണ് മറ്റൊരു വസ്‌തുത.
"ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ഇൻസുലിന്‍ കുത്തിവെയ്‌പ്പും മറ്റ് ചികിത്സകളും വേണ്ടതുണ്ട്. ഇത്തരത്തില്‍പ്പെട്ട രോഗികള്‍ക്ക് ജീവിതകാലം മുഴുവൻ അവരുടെ അസുഖത്തെ നേരിടാന്‍ പിന്തുണ ആവശ്യമാണ്.'' ഐ.സി.എം.ആര്‍ പുറത്തുവിട്ട മാർനിർദേശത്തിൽ പറയുന്നു. ജനിതക ഘടകങ്ങളാണ് ഈ രോഗത്തിലേക്ക് നയിക്കുന്നതെന്ന് നേരത്തേ സ്ഥിരീകരിച്ചതാണ്. അമ്മയ്ക്കും അച്ഛനും സഹോദരങ്ങള്‍ക്കും ഈ രോഗമുള്ളപ്പോൾ അപകടസാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്.
മറ്റ് രോഗങ്ങളുടെ അപകട സാധ്യത കൂട്ടുന്നു:സാര്‍സ് കൊവ് 2 മഹാമാരി പ്രമേഹ രോഗികളെ അനുപാതമില്ലാതെ ബാധിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ ഘട്ടത്തിലാണ് ഐ.സി.എം.ആര്‍ ടൈപ്പ് 1 പ്രമേഹ രോഗ മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്. അപകടസാധ്യത ഉയര്‍ത്തുന്നതാണിത്, മരണത്തിന് കാരണമായേക്കാം എന്നതുകൊണ്ട് തന്നെ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2019-ൽ ആഗോളതലത്തിൽ, നാല് ദശലക്ഷത്തിലധികം മരണങ്ങൾക്ക് ടൈപ് 1 പ്രമേഹം കാരണമായി.
വൃക്കരോഗം, മുതിർന്നവർക്കുള്ള തിമിരം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്ക് കാരണമാവുന്നു. ആഗോളതലത്തില്‍ മുതിര്‍ന്നവരില്‍ ഏറ്റവും കൂടുതല്‍ പ്രമേഹം സ്ഥിരീകരിച്ച രാജ്യമാണ് ഇന്ത്യ. ലോകത്ത് ഈ പ്രമേഹം പിടിപെട്ട ആറ് വ്യക്തികളെ എടുത്താല്‍ അതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150 ശതമാനമാണ് വർധനയുണ്ടായത്. ലോകത്ത് ഒരു ദശലക്ഷത്തിലധികം കുട്ടികൾക്കും കൗമാരക്കാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.
ചികിത്സയില്‍ പുരോഗതി, ശുഭ സൂചന:ഇന്‍റര്‍നാഷണൽ ഡയബറ്റിസ് ഫെഡറേഷന്‍റെ സമീപകാല കണക്കുകൾ പ്രകാരം ഇക്കാര്യം വ്യക്തമാക്കുന്നു. പ്രമേഹ രോഗം നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ടൈപ്പ് 1 ഡയബറ്റിസിനെതിരായ പ്രതിരോധത്തെ ഇത് ശക്തിപ്പെടുത്തും. അതേസമയം, പുതിയ ഇൻസുലിൻ അനലോഗുകൾ, പമ്പുകൾ, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റങ്ങൾ, സെൻസറുകൾ എന്നിവയുൾപ്പെടെ പ്രമേഹ പരിചരണത്തിനുള്ള സാങ്കേതികവിദ്യയിൽ കാര്യമായ പുരോഗതി ഇന്ന് ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ പ്രമേഹ പരിചരണത്തിന്‍റെ ഗുണനിലവാരത്തിൽ കാര്യമായ വ്യതിയാനങ്ങൾ നിലനിൽക്കുന്നുണ്ട്. കൃത്യമായുള്ള വൈദ്യ പരിചരണം തേടുന്നതിലെ കുറവ്, മരുന്നുകളുടെ ഉയര്‍ന്ന വില, ചികിത്സയില്‍ ലഭിക്കുന്ന മാർഗനിർദേശങ്ങളിലെ പോരായ്‌മ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാണ് ഇതിന് കാരണം. ഇന്ന്, രാജ്യത്തെ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ധാരാളം സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടം ഒഴിവാക്കാന്‍ വേണം ജാഗ്രത:പാരമ്പര്യമായുള്ള പകര്‍ച്ച കാരണമാവാം ഇന്ത്യയിൽ ഈ രോഗത്തിന്‍റെ വ്യാപനം വർധിക്കുന്നത്. മികച്ച രീതിയിലുള്ള അവബോധവും ടൈപ്പ് 1 പ്രമേഹത്തിന്‍റെ മെച്ചപ്പെട്ട രോഗനിർണയവും ഗുണം ചെയ്യും. നേരത്തെയുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സയും കുട്ടികളെ അപകടം തരണം ചെയ്യാന്‍ പ്രാപ്‌തരാക്കും. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കായി സ്വീകരിക്കുന്ന നിയന്ത്രണ മാര്‍ഗങ്ങള്‍ മൂന്ന്, നാല് ദശകങ്ങളിൽ നില മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
1960 കളിലും 70 കളിലും മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസ് പരിശോധന സാധാരണയായിരുന്നു. അക്കാലത്ത് പ്രമേഹം പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്ററുകൾ ലഭ്യമായിട്ടില്ല. ഇന്ന്, രക്തത്തിലെ ഗ്ലൂക്കോസ് എളുപ്പത്തില്‍ സ്ഥിരീകരിക്കാവുന്നതാണ്. തുടർച്ചയായ ഗ്ലൂക്കോസ് പരിശോധന (Continuous Glucose Monitoring) ടൈപ്പ് 1 പ്രമേഹത്തിന്‍റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ലോകമെമ്പാടും ഒരു മാറ്റം സംഭവിക്കാന്‍ ഇടയാക്കി.
എന്നിരുന്നാലും ഇന്ത്യയിൽ പ്രമേഹ ചികിത്സയ്‌ക്കുള്ള ചെലവ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് ഒരു പ്രശ്‌നമായി തുടരുന്നു. ടൈപ് ഒന്ന് പ്രമേഹമുള്ള കുട്ടികൾക്കും മുതിർന്നവർക്കും രോഗനിർണയം നടന്നയുടൻ ഇൻസുലിൻ കുത്തിവെയ്‌പ്പ് ആവശ്യമായി വരും. അതിനുശേഷം ജീവിതത്തിലുടനീളം തുടർച്ചയായി ഉപയോഗിക്കേണ്ടി വരുമെന്നും അതില്‍ സംഭവിക്കുന്ന ന്യൂനതകള്‍ പ്രയാസം സൃഷ്‌ടിക്കുമെന്നും ഐ.സി.എം.ആര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.