ന്യൂഡൽഹി : കാണുമ്പോഴെല്ലാം മുഖത്ത് പ്രസന്നമായ ഒരു പുഞ്ചിരിയുമായി തന്നെ നോക്കി കൈ വീശി കാണിക്കുന്നയാൾ.. രാഹുൽ ഗാന്ധിയെ കുറിച്ച് ഓർത്തെടുത്ത് പറയുമ്പോൾ ചേതന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിരിയും. രാഹുൽ ഗാന്ധി താമസിച്ചിരുന്ന 12 തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം ഐസ്‌ക്രീം കച്ചവടം ചെയ്‌തിരുന്ന ചേതന് പറയാനുള്ളത് രാഷ്‌ട്രീയക്കാരനായ രാഹുൽ ഗാന്ധിയെക്കുറിച്ചല്ല. പകരം, രാഹുൽ ഗാന്ധിയെന്ന സൗമ്യനായ വ്യക്തിയെക്കുറിച്ചാണ്.
'ഞാൻ ഇവിടെ രണ്ട് വർഷമായി ഐസ്‌ക്രീം വിൽപ്പന നടത്തുകയാണ്. എന്നെ കാണുമ്പോഴെല്ലാം അദ്ദേഹം ഒരു പ്രസന്നമായ പുഞ്ചിരി സമ്മാനിക്കും, കൈ വീശി കാണിക്കും. എന്നാൽ ഇപ്പോൾ ഇവിടം ശൂന്യമാണ്. ഇപ്പോൾ അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല' -ചേതൻ വിഷമത്തോടെ പങ്കുവച്ചു. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതിന് ശേഷം രാഹുൽ താമസിക്കുന്ന 12 തുഗ്ലക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയിലെ സാധനങ്ങളും മാറ്റിത്തുടങ്ങി.
മോദി പരാമർശത്തിലെ അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെയായിരുന്നു അയോഗ്യത. കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കാര്യങ്ങൾ മാറി മറിഞ്ഞു എന്നും അതിനുശേഷം അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ചേതൻ വിഷമത്തോടെ പങ്കുവച്ചു. ലോക്‌സഭ അംഗം എന്ന നിലയിലാണ് രാഹുൽ 12 തുഗ്ലക് ലെയ്‌നിലെ വസതിയില്‍ താമസിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനായതോടെ ഒരു മാസത്തിനകം വീട് ഒഴിയണമെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് നിർദേശിച്ചു.