ബേ ഓവല്‍ : വനിത ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 107 റണ്‍സിന്‍റെ കൂറ്റൻ ജയം. ഇന്ത്യയുടെ 244 റണ്‍സ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 137 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദാണ് പാക് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താനായതാണ് ഇന്ത്യക്ക് മികച്ച വിജയം നേടിക്കൊടുത്തത്. ഇന്ത്യയുടെ സ്കോർ പിന്തുടർന്നിറങ്ങിയ പാകിസ്ഥാന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. പാക് നിരയിൽ ഓപ്പണർ സിദ്ര അമീനും (30), വാലറ്റക്കാരി ഡയാന ബെയ്‌ഗിനും ( 24 ) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്.
ജാവേറിയ ഖാൻ (11), ബിസ്‌മ മറൂഫ് (15) ഒമായ്‌മ സൊഹൈൽ (5), നിദ ഡർ (4) അലിയ റിയസ് (11), ഫാത്തിമ സന (17), സിന്ദ്ര നവാസ് (12) നഷ്‌റ സന്ദു (0) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. ഇന്ത്യക്കായി രാജേശ്വരി ഗെയ്‌ക്‌വാദിനെക്കൂടാതെ ജൂലൻ ഗോ സ്വാമി, സ്നേഹ റെയ്ന എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മേഖ്‌ന സിങ്, ദീപ്‌തി ശർമ്മ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒരു ഘട്ടത്തിൽ കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയിരുന്നു. ഓപ്പണർ ഷഫാലി വർമ്മയെ (0) തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ പിന്നീടൊന്നിച്ച ദീപ്‌തി ശർമ്മ, ഓപ്പണർ സ്‌മൃതി മന്ദനയ്‌ക്ക് മികച്ച പിന്തുണ നൽകിയതോടെ സ്കോർ ഉയർന്നു. ഇരുവരും ചേർന്ന് 92 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇന്ത്യക്ക് സമ്മാനിച്ചു.
ALSO READ:ആറ് ക്രിക്കറ്റ് ലോകകപ്പുകൾ, ചരിത്രമെഴുതി മിതാലി രാജ്
എന്നാൽ 40 റണ്‍സുമായി ദീപ്‌തി ശർമ്മ വീണതോടെ ഇന്ത്യ തകർച്ചയിലേക്ക് നീങ്ങി. തൊട്ടുപിന്നാലെ തന്നെ സ്‌മൃതി മന്ദന (52) പുറത്തായി. പിന്നാലെയെത്തിയ മിതാലി രാജ് (9), ഹർമൻപ്രീത് കൗർ (5), റിച്ച ഗോഷ് (1) എന്നിവർ നിരനിരയായി കൂടാരെ കയറി. ഇതോടെ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 114 റണ്‍സ് എന്ന നിലയിലായി.
എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച പൂജാ വസ്‌ത്രാകാർ-സ്നേഹ് റാണ സഖ്യം ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 96 പന്തിൽ നിന്ന് 122 റണ്‍സാണ് ഇന്ത്യൻ അക്കൗണ്ടിൽ എത്തിച്ചത്. പൂജ വസ്‌ത്രാർക്കർ 67 റണ്‍സുമായി പുറത്തായപ്പോൾ സ്നേഹ റാണ 53 റണ്‍സുമായി ജൂലൻ ഗോസ്വാമിയോടൊപ്പം(6) പുറത്താകാതെ നിന്നു.