ന്യൂഡൽഹി:ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിങ്ങിനെ പദവിയിൽ നിന്ന് നീക്കം ചെയ്‌തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇൻസ്റ്റഗ്രാമിൽ തന്‍റെ പോസ്റ്റിങിനെ കുറിച്ച് പങ്കുവച്ചതിനാണ് അഭിഷേക് സിങ്ങിനെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്‌തത്. തന്‍റെ ഔദ്യോഗിക സ്ഥാനം പബ്ലിസിറ്റിക്കായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.
ഔദ്യോഗിക പദവി പബ്ലിസിറ്റിക്കായി ഉപയോഗിച്ചു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഐഎഎസ് ഓഫിസറെ നീക്കി - ഐഎഎസ് അഭിഷേക് സിങ്ങ്
ഇൻസ്റ്റഗ്രാമിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ സംബന്ധിച്ച് പോസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് നടപടി. പബ്ലിസിറ്റിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചുവെന്നാണ് ആരോപണം.
അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഉത്തർപ്രദേശ് കേഡർ ഓഫിസറായ അഭിഷേക് സിങ്ങിനെ അഹമ്മദാബാദിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളിൽ ജനറൽ ഒബ്‌സർവറായി നിയമിച്ചിരുന്നു. ജനറൽ ഒബ്‌സർവർ എന്ന ചുമതലയിൽ നിന്ന് ഉടൻ ഒഴിവാകാനും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ നിന്ന് ഒഴിവായി നിൽക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്.
ഉദ്യോഗസ്ഥനോട് പ്രസ്‌തുത തെരഞ്ഞെടുപ്പ് മണ്ഡലത്തിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചു. കൂടാതെ, ഗുജറാത്തിൽ അദ്ദേഹത്തിന് നൽകിയിരുന്ന എല്ലാ സർക്കാർ സൗകര്യങ്ങളും എടുത്തുമാറ്റുകയും ചെയ്‌തു. ഡിസംബർ 1, 5 തീയതികളിൽ പുതിയ സർക്കാരിനായി ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കും. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.