പറ്റ്ന(ബിഹാര്‍) :യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബിഹാറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഹാന്‍സിനെതിരേയും മുന്‍ ആര്‍ജെഡി എംഎല്‍എ ഗുലാബ് യാദവിനെതിരേയും കേസെടുത്തു. പറ്റ്‌നയിലെ റുപാസ്‌പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2021ല്‍ തന്നെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തോക്കുചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കി എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. യുവതിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ദനാപൂർ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇരുവര്‍ക്കുമെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ദനാപൂര്‍ കോടതി യുവതിയുടെ ഹര്‍ജി ആദ്യം തള്ളിയിരുന്നു.
കൂടാതെ പറ്റ്ന പൊലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതുമില്ല. എന്നാല്‍ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ ദനാപൂര്‍ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ താക്കീതും ഹൈക്കോടതി നല്‍കി.