ഹൈദരാബാദ്: കാബൂളിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം ഞായറാഴ്‌ച ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ എത്തിച്ചേർന്നു. ഞായറാഴ്‌ച രാവിലെയാണ് വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടത്. കൊവിഡ് പരിശോധനക്ക് ശേഷം ഇവരുടെ മറ്റ് നടപടികൾ പൂർത്തിയാക്കും.
അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ആഗസ്റ്റ് 15 ന് അഫ്‌ഗാൻ തലസ്ഥാനം താലിബാൻ കീഴടക്കിയതിന് ശേഷം ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ അമേരിക്കൻ -നാറ്റോ സേനയാണ് നിയന്ത്രിക്കുന്നത്.
ശനിയാഴ്‌ച 87 ഇന്ത്യക്കാരെ അഫ്‌ഗാനിൽ നിന്ന് തിരികെയെത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിലേക്കും തുടർന്ന് ഇന്ത്യയിലേക്കും എത്തിക്കുകയായിരുന്നു. കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരെയും തിരികെ നാട്ടിലേക്കെത്തിച്ചിട്ടുണ്ട്.
ALSO READ:അഫ്‌ഗാൻ രക്ഷാദൗത്യം: 330 ഇന്ത്യക്കാരെ ഇതുവരെ തിരികെയെത്തിച്ചു
കാബൂളിന്‍റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിനുശേഷം രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 200 പേരെ അമേരിക്കയുടെ പിന്തുണയോടെ ഇന്ത്യ നേരത്തെ ഒഴിപ്പിച്ചിരുന്നു.