ന്യൂഡൽഹി : സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ്-21 യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന. ഈ മാസം ആദ്യം രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നതിനെ തുടർന്നാണ് നടപടി. മെയ് 8നാണ് രാജസ്ഥാന്‍ ഹനുമാൻഗഡിലെ വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തർകന്നുവീണ് മൂന്ന് പേർ മരിച്ചത്. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്.
ഈ സാഹചര്യത്തില്‍, സൂക്ഷ്‌മ പരിശോധന നടത്തി അനുമതിക്ക് ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിക്കൂ. ഔദ്യോഗിക കണക്കുകൾ പ്രകാരം 1960കളിൽ സോവിയറ്റ് യൂണിയനിൽ പിറന്ന മിഗ് വിമാനങ്ങൾ ഇന്ത്യയിൽ 400 ഓളം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്തിന് വളരെ മോശം സുരക്ഷാ റെക്കോർഡാണുള്ളത്.
നിലവിൽ 50 വിമാനങ്ങൾ ഉൾപ്പടെ മൂന്ന് മിഗ് 21 വ്യൂഹമാണ് ഇന്ത്യൻ വോമസേനയ്ക്കുള്ളത്. ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാന സ്ക്വാഡ്രണുകളെ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ഐഎഎഫിന്‍റെ (ഇന്ത്യൻ എയർഫോഴ്‌സ്) തീരുമാനം. ഇതിനായി കഴിഞ്ഞ വർഷം ഐഎഎഫ് മൂന്ന് വർഷത്തെ സമയക്രമം നിശ്ചയിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിഗ്-29 യുദ്ധവിമാനങ്ങളുടെ മൂന്ന് സ്ക്വാഡ്രണുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും ഐഎഎഫ് പദ്ധതിയിടുന്നു.
സ്‌ക്വാഡ്രൺ : രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താനുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന വ്യോമസേനയിലെ ഒരു പ്രവർത്തന യൂണിറ്റാണ് സ്‌ക്വാഡ്രൺ.
ഐഎഎഫിന്‍റെ ആധുനികവത്‌ക്കരണ പദ്ധതിയുടെ ഭാഗമായി, 83 തേജസ് ജെറ്റുകൾ വാങ്ങുന്നതിനായി 2021 ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. യുദ്ധ ശേഷി വർധിപ്പിക്കുന്നതിനായി 36 റാഫൽ വിമാനങ്ങൾ ഐഎഎഫ് ഇതിനകം വാങ്ങിയിട്ടുണ്ട്. 114 മീഡിയം റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഐഎഎഫ്.
മിഗ്-21 ദുരന്തം : ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ഹനുമാൻഗഡിന് സമീപം വീടിന് മുകളിലേക്കാണ് തകർന്നുവീണത്. മെയ് 8ന് ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.