ന്യൂഡൽഹി :തമിഴ്‌നാട് കൂനൂരില്‍ സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും, ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേരുടെ മരണത്തിനിടയായ ഹെലികോപ്‌ടർ അപകടത്തിൽ തമിഴ്‌നാട് നടത്തിയ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എയർഫോഴ്‌സ്. തമിഴ്‌നാട് മുഖ്യമന്ത്രി, നീലഗിരി കലക്‌ടർ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർക്കാണ് എയർഫോഴ്‌സ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്.
'നിർഭാഗ്യകരമായ ഹെലികോപ്‌റ്റര്‍ ദുരന്തത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി, ജില്ല കലക്‌ടർ, കാട്ടേരിയിലെ പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ നടത്തിയ സുസ്ഥിരമായ രക്ഷാപ്രർത്തന ദൗത്യത്തിന് നന്ദി അറിയിക്കുന്നു' -ഇങ്ങനെയായിരുന്നു ട്വീറ്റ്.
ഊട്ടിക്ക് സമീപം കൂനൂരില്‍ കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്‌റ്റര്‍ അപകടമുണ്ടായത്. സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് തകർന്നുവീഴുകയായിരുന്നു. റാവത്ത് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു.
ALSO READ:വിലാപയാത്ര തൃശൂരിലേക്ക്; ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജന്മനാട്
അതേസമയം അപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ സംയുക്‌ത സേനാ സംഘത്തെ രൂപീകരിച്ചതായും ഇന്ത്യൻ എയർഫോഴ്‌സ് അറിയിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുകയും വസ്‌തുതകൾ പുറത്തുകൊണ്ടുവരികയും ചെയ്യും. അതുവരെ അപകടകാരണത്തെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും എയർഫോഴ്‌സ് അഭ്യർഥിച്ചു.