ഭിൻഡ്:ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ ഭിൻഡ് (Bhind) ജില്ലയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു. ഹെലികോപ്‌റ്ററിലുണ്ടായ രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎഎഫിന്‍റെ ഗ്വാളിയോർ എയർഫോഴ്‌സ് ബേസിൽ നിന്നാണ് ഹെലികോപ്‌റ്റര്‍ പറന്നുയർന്നത്. മധ്യപ്രദേശിലെ ജഖ്‌നൗലി ഗ്രാമത്തിന് സമീപമുള്ള സിന്ധ് നദിയുടെ മലയിടുക്കുകള്‍ക്ക് സമീപമാണ് ഇന്ന് രാവിലെ 10നാണ് സംഭവം.
അടിയന്തര ലാന്‍ഡിങ് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും ലഭ്യമായിട്ടില്ല. 'അപ്പാച്ചെ അറ്റാക്ക് എഎച്ച് 64ഇ ഹെലികോപ്റ്ററാണ്' ലാൻഡിങ് നടത്തിയത്. അസാധാരണമായി ഹെലികോപ്‌റ്റര്‍ താഴെ ഇറക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഭിന്‍ഡ് എസ്‌പി മനീഷ് ഖത്രി അടിയന്തര ലാന്‍ഡിങ് സ്ഥിരീകരിച്ചെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വ്യോമസേനയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹെലികോപ്റ്ററിലെ പൈലറ്റുമാർ ഉടന്‍ തന്നെ വിവരം എയർഫോഴ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ മികച്ച ഫൈറ്റര്‍ ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപ്പാച്ചെ. ഈ ഹെലികോപ്‌റ്ററില്‍ ജോയിന്‍റ് ടെക്‌നിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം സ്ഥാപിച്ചിരുന്നു. ആധുനികമായ ഡിജിറ്റൽ കണക്‌ടിവിറ്റി സംവിധാനമാണ്. ആശയവിനിമയത്തിനായി സി, ഡി, കെയു ഫ്രീക്വൻസി ബാൻഡുകൾ ഉപയോഗിക്കാന്‍ ഫേസ് - ഗിയർ ട്രാൻസ്‌മിഷന്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന:സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ് - 21 യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന. മെയ് 21നാണ് വിമാനങ്ങള്‍ നിലത്തിറക്കിയത്. ഈ മാസം ആദ്യം രാജസ്ഥാനിൽ മിഗ് - 21 യുദ്ധവിമാനം തകർന്നതിനെ തുടർന്നാണ് നടപടി. മെയ് എട്ടിന് രാജസ്ഥാന്‍ ഹനുമാൻഗഡിലെ വീടിന് മുകളിലേക്ക് മിഗ് - 21 യുദ്ധവിമാനം തർകന്നുവീണ് മൂന്ന് പേർ മരിച്ചിരുന്നു. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്.