കൊല്‍ക്കത്ത : ഭാരതീയ ജനതാ പാര്‍ട്ടിയ്‌ക്കായല്ല ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്ക ഇടിവി ഭാരതിനോട് മനസുതുറക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് ആനന്ദബോസ് പറയുന്നു.
ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് പരിസരത്ത് നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍ പല വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍ രണ്ട് ഭരണഘടന സ്ഥാപനങ്ങള്‍ തമ്മിലുളള ബന്ധം വഷളായതായി ഇതിന് അര്‍ഥമില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഗവർണറുടെ പ്രത്യയശാസ്‌ത്രം പിന്തുടരണമെന്നില്ല. വിയോജിക്കാൻ നമ്മൾ സമ്മതിക്കുന്നതും എല്ലാ വിനയത്തോടും കൂടി അത് ചെയ്യേണ്ടതുമാണ് ജനാധിപത്യത്തിന്‍റെ സ്വഭാവം.
ബില്ലുകള്‍ കെട്ടിക്കിടക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗവർണറെ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായി വിമർശിക്കുകയും രാജ് ഭവനിൽ ധർണയ്ക്ക് ഇരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇതേകുറിച്ചെല്ലാം അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ; ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചലനാത്മകത രണ്ട് വ്യത്യസ്‌ത തലങ്ങളിൽ ഞാൻ കാണുന്നതായി സിവി ആനന്ദബോസ് പറയുന്നു.
വ്യക്തിപരമായി, പരസ്‌പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ സൗഹാർദ്ദപരമായ ബന്ധമാണ് ഞങ്ങളുടെ ബന്ധത്തിന്‍റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വിശാലമായ ബന്ധം പരിശോധിക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും നിയുക്ത ഗവർണറും എല്ലാ വിഷയങ്ങളിലും ഒരേ വീക്ഷണങ്ങൾ പങ്കിടുന്നില്ലെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..