ന്യൂഡല്‍ഹി:സർക്കാർ സ്‌പോൺസര്‍ ചെയ്യുന്ന അക്രമണകാരികൾ തന്‍റെ ഐഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്‌ത്രയുടെ ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ്. എല്ലാ പൗരന്മാരുടെയും സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ അടിത്തട്ട് വരെയുള്ള അന്വേഷണമുണ്ടാവുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി:ഇത്തരം വിവരങ്ങളുടെയും പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ആക്രമണമെന്ന ആരോപണത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യവും കൃത്യമായ വിവരങ്ങളുമായി അന്വേഷണത്തിൽ പങ്കുചേരാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരണങ്ങളിൽ ആപ്പിൾ ഐഡികൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഉപയോക്താവിന്‍റെ വ്യക്തമായ അനുമതിയില്ലാതെ അവ ആക്‌സസ് ചെയ്യാനോ തിരിച്ചറിയാനോ അത്യന്തം ബുദ്ധിമുട്ടാണെന്നുമാണ് ആപ്പിൾ അവകാശപ്പെടുന്നത്.
ഈ എൻക്രിപ്ഷൻ വഴി ഉപയോക്താവിന്‍റെ ആപ്പിൾ ഐഡിയെ സംരക്ഷിക്കുകയും അത് സ്വകാര്യവും സുരക്ഷിതമായി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ആപ്പിളിൽ നിന്ന് ലഭിച്ച അറിയിപ്പിനെക്കുറിച്ച് ചില എംപിമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും തങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട പ്രസ്‌താവനകളിൽ ഞങ്ങൾ ആശങ്കാകുലരാണെന്നും അദ്ദേഹം പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനരഹിതമെന്ന് ബിജെപി:അതേസമയം പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ അടിസ്ഥാനരഹിതമാണെന്ന് തള്ളി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. നിരവധി രാഷ്‌ട്രീയ നേതാക്കള്‍ അവരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ അനധികൃത ഹാക്കിങിന് ഇരയായതായി അരോപിക്കുന്നു. ഈ നേതാക്കള്‍ അവരുടെ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭിച്ച മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പങ്കിട്ടു. എന്നാല്‍ ലോകമെമ്പാടും തങ്ങള്‍ ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകള്‍ അയച്ചിട്ടുണ്ടെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കുന്നു.