മൈസൂർ :കർണാടകയിൽ ആത്‌മഹത്യ ചെയ്‌ത കരാറുകാരൻ സന്തോഷ് കെ പാട്ടീൽ ആരാണെന്ന് അറിയില്ലെന്നും അയാളുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും മന്ത്രി കെ എസ് ഈശ്വരപ്പ. വകുപ്പിന്‍റെ ചുമതലക്കാരൻ എന്ന നിലയിലാണ് സന്തോഷിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തതെന്നും ആത്‌മഹത്യയുടെ വിവരങ്ങൾ മാധ്യമങ്ങൾ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും ഈശ്വരപ്പ പറഞ്ഞു.
'എന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സന്തോഷിനും ഒരു സ്വകാര്യ ചാനലിനുമെതിരെ കേസെടുത്തു. അതുകൊണ്ടായിരിക്കാം അദ്ദേഹം ആത്‌മഹത്യ ചെയ്‌തത്. ഞങ്ങളുടെ വകുപ്പിൽ നിന്ന് അദ്ദേഹത്തിന് ടെൻഡറുകൾ നൽകിയിട്ടില്ല. കോൺഗ്രസ് എന്‍റെ രാജി ആവശ്യപ്പെടുന്നു. പക്ഷേ ഞാൻ രാജിവയ്ക്കില്ല, ഏതൊരു അന്വേഷണം നേരിടാനും സജ്ജമാണ് ' - ഈശ്വരപ്പ പറഞ്ഞു.
കൂടാതെ മരണക്കുറിപ്പിൽ തന്‍റെ പേര് എഴുതിയതിനെതിരെയും മന്ത്രി പ്രതികരിച്ചു. 'അതിനെക്കുറിച്ചും എനിക്ക് ഒരു അറിവും ഇല്ല. എന്തുകൊണ്ടാണ് അദ്ദേഹം എന്‍റെ പേര് മരണക്കുറിപ്പിൽ എഴുതിയതെന്നും എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയതെന്നും വ്യക്‌തമല്ല. അതിന് ഉത്തരം നൽകാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ. പക്ഷേ അദ്ദേഹം ഇപ്പോൾ ജീവനോടെയില്ല ' - ഈശ്വരപ്പ കൂട്ടിച്ചേർത്തു.
ഉടുപ്പിയിലെ ഒരു ലോഡ്‌ജിലാണ് സന്തോഷിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. താൻ ആത്‌മഹത്യ ചെയ്യാൻ പോകുകയാണെന്നും തന്‍റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്നും ആരോപിച്ച് സന്തോഷ് പാട്ടീൽ മരിക്കുന്നതിന് മുൻപ് ഏതാനും മാധ്യമങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. തന്‍റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും സന്തോഷ് ആത്മഹത്യ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ഹിൻഡലഗ വില്ലേജിൽ 4 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പണിയുടെ ബില്ലുകൾ പാസാക്കുന്നതിനായി 40 ശതമാനം കമ്മിഷൻ നൽകാൻ ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നാണ് സന്തോഷ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇതോടെയാണ് കരാറുകാരനെതിരെ മന്ത്രി മാനനഷ്ടക്കേസ് ഫയൽ ചെയ്‌തത്. തുടർന്ന് സന്തോഷിനെതിരെ കേസും രജിസ്റ്റർ ചെയ്‌തിരുന്നു.