ന്യൂഡൽഹി : കശ്‌മീർ സോളിഡാരിറ്റി ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹ്യുണ്ടായ് പാകിസ്ഥാന്‍റെ വിവാദ ട്വീറ്റിന്‍റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ. രാജ്യത്തിന്‍റെ പ്രാദേശിക അഖണ്ഡതയെ ബാധിക്കുന്ന വിഷയമായതിനാൽ സംഭവത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. രാവിലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ച ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചുങ് ഇയു-യോങ്, ട്വീറ്റ് മൂലം ഇന്ത്യൻ ജനതയ്ക്കും സർക്കാരിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച ദക്ഷിണ കൊറിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പോസ്റ്റിൽ സർക്കാരിന്‍റെ കടുത്ത അതൃപ്‌തി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. സിയോളിലെ ഇന്ത്യൻ അംബാസഡർ ഹ്യുണ്ടായ് കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ട് സംഭവത്തിൽ വിശദീകരണം തേടിയിരുന്നു.