ഹൈദരാബാദ്:ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരീസുകളില്‍ ഒന്നാണ് നെറ്റ്‌ഫ്‌ളിക്‌സില്‍ സ്‌ട്രീം ചെയ്യുന്ന 'മണി ഹൈസ്‌റ്റ്'. തിരക്കഥ, അഭിനയം, സംവിധാനം, വിഷ്വലൈസേഷൻ തുടങ്ങിയവയിലെ മികവാണ് ആളുകളെ സീരീസ് സ്വാധീനിക്കാന്‍ കാരണം. എന്നാല്‍, ഈ സ്‌പാനീഷ് സീരീസ് വൻ കുറ്റകൃത്യത്തിന് പ്രേരണ ആയിരിക്കുകയാണ് ഹൈദരാബാദില്‍.
'പ്രൊഫസറായി' സുരേഷ്; ആളുകളെ ചേര്‍ത്ത് കൃത്യനിര്‍വഹണം
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം ഹൈദരാബാദ് ആസിഫ് നഗർ പൊലീസിന്‍റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ ജയിലിലായ പ്രതി അത്തപ്പൂര്‍ സ്വദേശി ഗുഞ്ചപൊഗു സുരേഷ് (27) ആണ് സംഘത്തലവൻ. ഇയാള്‍ രണ്ടുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. 'മണി ഹൈസ്റ്റി'ലെ കവര്‍ച്ച സംഘത്തെ നയിക്കുന്ന പ്രൊഫസറായി സ്വയം പേരിട്ട്, ആളുകളെ ചേര്‍ത്താണ് ഇയാള്‍ കൃത്യം നടത്തിയത്.
സംഘത്തിലെ ആളുകള്‍ക്ക് സീരീസിലേതിന് സമാനമായി ബെര്‍ലിന്‍, ടോക്ക്യോ, റിയോ, നയ്‌റോബി എന്നീ പേരുകള്‍ നല്‍കിയിരുന്നു. വ്യത്യസ്തമായ കുറ്റകൃത്യങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യപ്രതി സുരേഷ് 'മണി ഹൈസ്റ്റ്' കണ്ടത്. സുരേഷിന് പുറമെ, മെഹ്ദിപട്ടണത്തിലെ ഭോജഗുട്ട നിവാസികളായ എം. രോഹിത് (18), ഇന്ദുരി ജഗദീഷ് (25), കെ കുനാല്‍ (18), ജഗദ്ഗിരിഗുട്ട സ്വദേശിനിയായ ശ്വേത ചാരി എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി ആറിന് ഉച്ചയ്‌ക്ക് 12 മണിക്കാണ് സംഭവത്തില്‍ പൊലീസിന് പരാതി ലഭിക്കുന്നത്. തന്‍റെ ഇളയ മകന്‍ പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് ജെ ഉഷാനമ്മ എന്ന വീട്ടമ്മ നല്‍കിയ പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്.
സഹോദരങ്ങള്‍ പണമെത്തിച്ചപ്പോള്‍ അറസ്റ്റ്
നാമ്പള്ളി നിയോജക മണ്ഡലത്തിലെ ഗുഡിമൽകാപുര്‍ പ്രദേശത്ത് പൂക്കച്ചവടം നടത്തുകയായിരുന്നു യുവാവ്. ഫെബ്രുവരി അഞ്ചിന് ഏകദേശം ഉച്ചയ്‌ക്ക് 1:30 ന് വീട്ടിൽ നിന്ന് പുറത്തുപോയ പ്രശാന്ത് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആണ്. സുഹൃത്തുക്കളോടും ബന്ധുക്കളോടും തിരക്കിയെങ്കിലും കണ്ടെത്താനായില്ല എന്നുമാണ് പരാതി.
ആറാം തിയതി വൈകിട്ട് 3:30 ന് കാണാതായ യുവാവിന്‍റെ ഫോൺ നമ്പറിൽ നിന്ന് സഹോദരൻ ആഞ്ജനേയുലുവിന് വാട്ട്‌സ്ആപ്പ് കോൾ വന്നു. പ്രശാന്ത് തങ്ങളുടെ പിടിയിലാണെന്നും അവനെ മോചിപ്പിക്കാൻ 50,000 നല്‍കണമെന്നുമായിരുന്നു സംഘത്തിന്‍റെ ആവശ്യം. വീട്ടുകാരോട് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിന് സമീപമുള്ള പാലത്തിലേക്ക് പണവും കൊണ്ട് വരാൻ ആവശ്യപ്പെട്ടു. പ്രശാന്തിന്‍റെ സഹോദരങ്ങൾ പാലത്തിന് സമീപം പണം കൊണ്ടുവന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
'വലയിലാക്കാന്‍ ഹണി ട്രാപ്പ്'
യുവതിയെ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെയാണ് ഇവർ കുറ്റകൃത്യം നടത്തുന്നത്. യുവാക്കളുടെയോ വിദ്യാര്‍ഥികളുടെയോ നമ്പര്‍ ശേഖരിച്ച് ശ്വേത ചാരി എന്ന യുവതി സൗഹൃദത്തിലാവും. തുടര്‍ന്ന്, പറയുന്ന സ്ഥലത്തേക്ക് യുവാക്കളോട് തന്നെ കാണാന്‍ എത്താന്‍ ആവശ്യപ്പെടും. ശേഷം മറ്റ് പ്രതികളായ രോഹിതും കുനാലും എത്തി തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടും. തുടര്‍ന്ന് പണം ആവശ്യപ്പെടുന്നതാണ് രീതി.
പണത്തിനായി വീട്ടുകാരെ വിളിക്കുകയോ അല്ലെങ്കില്‍ ഡെബിറ്റ് കാർഡിലെ പണം തട്ടിയെടുക്കുകയോ ചെയ്യും. ഒരു വർഷത്തിനിടെ ആറ് പേരെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ഡി.ജോയൽ ഡേവിസ് ഐ.പി.എസ്, വെസ്റ്റ് സോൺ ഡി.സി.പി ഇഖ്ബാൽ സിദ്ദിഖ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് അറസ്റ്റ് നടന്നത്.
ALSO READ:ഒരു 'രത്നത്തെ' കൂടി നഷ്‌ടമായി..! ബപ്പി ദായുടെ മരണത്തിൽ അനുശോചിച്ച് സിനിമാലോകം