ഹൈദരാബാദ് : കേന്ദ്ര ജിഎസ്‌ടി ഇന്‍റലിജൻസ് വകുപ്പ് (Central GST Intelligence Department ) ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ (kidnapped), അഞ്ചംഗ സംഘത്തിലെ നാല് പേര്‍ പൊലീസിന്‍റെ പിടിയില്‍. വ്യാജ ജിഎസ്‌ടിയുമായി (GST) ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി കൃഷ്‌ണനഗറിലെ (Krishna Nagar) സ്ക്രാപ്പ്, വെൽഡിങ് ഷോപ്പ് പരിശോധിക്കാൻ എത്തിയ രണ്ട് ഉദ്യോഗസ്ഥരെയാണ് കടയുടമയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. ജിഎസ്‌ടി ഉദ്യോഗസ്ഥരായ മണി ശർമ (Mani Sharma), ആനന്ദ് (Anand) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
ഫിറോസ് (Firoz), മുസിബ് (Muzib), ഇംതിയാസ് (Imtiyaz) എന്നിവരും സംഘത്തിലെ മറ്റൊരാളും കേസിൽ പിടിയിലായി. മറ്റൊരു പ്രതിയായ ഖയ്യൂം (Qayyum) ഒളിവിലാണ്. ഇവരെ ബലമായി വാഹനത്തിൽ കയറ്റുകയും മർദിക്കുകയുമായിരുന്നു. വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മണി ശർമ വാഹനത്തിലിരുന്നുകൊണ്ട് തന്നെ തന്ത്രപരമായി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ (GST officials) ലൊക്കേഷനുകൾ പൊലീസ് ട്രാക്ക് ചെയ്‌തു. തുടർന്ന് ഇവർ രാജീവ്ചൗക്കിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. മണിക്കുറൂകൾക്കുള്ളിൽ ഇരുവരെയും കണ്ടെത്തുകയും നാല് പ്രതികളെ പിടികൂടുകയുമായിരുന്നു. മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ 10:30നാണ് സെൻട്രൽ ജിഎസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സായ് ശ്രീ (DCP Sai Sri) പറഞ്ഞു.