ഹൈദരാബാദ്:തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ കൗമാരക്കാരിയെ ആഢംബര കാറില്‍ കയറ്റി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും മറ്റൊരു പ്രതിയായ ഉമര്‍ ഖാനുമാണ് കസ്റ്റഡിയിലായത്. കര്‍ണാടകയില്‍ ഒളിവിലായിരുന്നു ഇവര്‍.
സംഭവത്തില്‍ വെള്ളിയാഴ്‌ച മറ്റൊരു പ്രതിയായ സദുദ്ദീൻ മാലിക്ക് കസ്റ്റഡിയിലായിരുന്നു. പീഡനത്തിനിരയാക്കിയത് മൂന്ന് കൗമാരക്കാരും രണ്ട് പ്രായപൂര്‍ത്തിയായവരും ആണെന്ന് ഹൈദരാബാദ് വെസ്റ്റ് സോൺ ടാസ്‌ക് ഫോഴ്‌സ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നില്‍ പകല്‍ സമയത്തായിരുന്നു പീഡനം.
പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട ആഢംബര കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കേസ് അച്ഛന്‍ നല്‍കിയ പരാതിയില്‍:തെലങ്കാനയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ മക്കളാണ് കേസിലെ പ്രതികളെന്ന് ബി.ജെ.പി ആരോപിച്ചു. മെയ് 31നാണ് 17 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി വലിയ മാനസിക ആഘാതത്തിലാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് കൊണ്ടാവാം ഇതെന്നുമാണ് പരാതിയില്‍ പറയുന്നത്.
എന്താണ്, സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ കൗമാരക്കാരിയ്‌ക്ക് സാധിക്കുന്നില്ലെന്നും അച്ഛന്‍റെ പരാതിയില്‍ പറയുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയെല്‍ ഡെവിസ് മെയ് മൂന്നിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന് ശേഷം പൊലീസ് ഐ.പി.സി 376 ഡി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ബി.ജെ.പി പ്രതിഷേധം: അതിനിടെ, സര്‍ക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ടി.ആര്‍.എസിന്‍റേയും എ.ഐ.എം.ഐ.എമ്മിന്‍റേയും നേതാക്കളുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ട് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസം നേരിടുകയാണെന്നും ബി.ജെ.പി ആരോപിച്ചു. പൊലീസ് അനാസ്ഥ ആരോപിച്ച് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
ALSO READ|പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ആഢംബര കാറില്‍ കയറ്റി പീഡിപ്പിച്ചു, പ്രതികൾ തെലങ്കാനയിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളെന്ന് ബിജെപി