ഹൈദരാബാദ്: ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെ. ബി.ജെ.പി കേന്ദ്രനേതാക്കളുടെ വലിയ നിര തന്നെ പ്രചാരണത്തിനിറങ്ങി ദേശീയ ശ്രദ്ധയാകർഷിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. 30 കൗണ്ടിംഗ് സെൻ്ററുകളിലായി 8,152 ഉദ്യോഗസ്ഥർ വോട്ടെണ്ണും. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടി.ആർ.എസ് ആധിപത്യത്തിൽ ബി.ജെ.പി ഒതുങ്ങുമോ എന്ന് നാളെ അറിയാം.
ജി.എച്ച്.എം.സി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെ
സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടി.ആർ.എസ് ആധിപത്യത്തിൽ ബി.ജെ.പി ഒതുങ്ങുമോ എന്ന് നാളെ അറിയാം.
എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകൾ നിലനിർത്താൻ ആവേശകരമായ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡൻ്റ് ജെ.പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സൃതി ഇറാനി, ലോക്‌സഭാ അംഗം ജി. കിഷൻ റെഡി, പാർട്ടി എം.പിയും ബി.ജെ.വൈ.എം ദേശീയ പ്രസിഡൻ്റുമായ തേജസ്വി സൂര്യ എന്നിവരാണ് പ്രചാരണത്തിൽ പങ്കെടുത്തത്.
74.67 ലക്ഷം വോട്ടർമാരിൽ 34.50 ലക്ഷം പേരാണ് വോട്ട്ചെയ്‌തത്. 46.55 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടി.ആർ.എസ്, ബി.ജെ.പി നേർക്കുനേർ പോരാട്ടമാണ്. എ.ഐ.എം.ഐ.എം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.