ന്യൂഡൽഹി : ഭാര്യ സ്ത്രീയല്ലെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീം കോടതിയിൽ. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ഭാര്യ സ്ത്രീയല്ലെന്നും താൻ വഞ്ചിക്കപ്പെട്ടെന്നും ആരോപിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. ഭർത്താവിന്‍റെ ഹർജിയിൽ കോടതി ഭാര്യയോട് വിശദീകരണം തേടി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബഞ്ചാണ് നാല് ആഴ്‌ചക്കകം മറുപടി നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ടത്. 2021 ജൂലൈ 29ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് വിശദീകരണം തേടിയിരിക്കുന്നത്.
മെഡിക്കൽ തെളിവുകളില്ലാതെ വാക്കാലുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റം സ്ഥാപിക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ച് ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഭാര്യയുടെ യോനി മുഴുവൻ കന്യാചർമത്താൽ മൂടപ്പെട്ടിരിക്കുന്നുവെന്നും (ഇംപെർഫൊറേറ്റ് ഹൈമൻ) ഇവർക്ക് ലിംഗം പോലുള്ള മാംസഭാഗമുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടുകളുണ്ടെന്നാണ് ഇയാളുടെ വാദം.
2016 ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ആർത്തവമുണ്ടെന്ന് പറഞ്ഞ് യുവതി ഭർതൃവീട്ടില്‍ നിന്ന് മാറിനിൽക്കുകയും ആറ് ദിവസത്തിന് ശേഷം മടങ്ങിവരികയും ചെയ്‌തു. ഭാര്യ മടങ്ങിയെത്തിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചപ്പോഴാണ് യുവതിക്ക് യോനിയിൽ ദ്വാരമല്ലെന്നും ആ ഭാഗത്ത് ചെറിയ ലിംഗം പോലെയുള്ള ഭാഗമുണ്ടെന്നും കണ്ടെത്തിയത്.