ഝാൻസി : സഹോദരന്‍റെ ഭാര്യയുമായുള്ള അടുപ്പം ചോദ്യം ചെയ്‌ത ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂൺ 23) ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ ബിജൗലി ഗ്രാമത്തിലാണ് സംഭവം. ബിജൗലി സ്വദേശിയായ സഞ്ജീവ് റൈക്വാറാണ് ഭാര്യ രേഖയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
സംഭവദിവസം ഉച്ചയോടെ കുറ്റാരോപിതനായ സഞ്ജീവ് വീട്ടിൽ വളർത്തുന്ന കോഴിയെ അറുത്ത് പാചകം ചെയ്‌തിരുന്നു. ഈ ചിക്കൻ കറിയിൽ ലഹരി കലർത്തിയ ശേഷം പ്രതി രേഖയ്ക്കും അഞ്ച് മക്കൾക്കും നൽകി. കുറച്ചുകഴിഞ്ഞപ്പോൾ എല്ലാവരും അബോധാവസ്ഥയിലായി. ഇതിന് ശേഷം കോഴിയെ വെട്ടിയ അതേ കത്തികൊണ്ട് സഞ്ജീവ് രേഖയുടെ വയറ്റിൽ കുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി ഒളിവിൽ പോയി. കുറച്ച് സമയത്തിന് ശേഷം അയൽവാസിയായ അനിത ഇവരുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രേഖയെ കണ്ടത്. പ്രദേശവാസികളുടെ സഹായത്തോടെ രേഖയെ ഝാൻസി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ രാത്രി 12 മണിയോടെ രേഖ മരിച്ചു.
രണ്ട് സഹോദരന്മാരുടെ കുടുംബങ്ങളോടൊപ്പമാണ് സഞ്ജീവ് റൈക്വാറും ഭാര്യയും മക്കളും താമസിച്ചിരുന്നത്. കുറച്ചുകാലം മുമ്പ് ഇയാളുടെ സഹോദരൻ മരിച്ചിരുന്നു. ഇതിന് ശേഷം സഞ്ജീവ് സഹോദരന്‍റെ ഭാര്യയുമായി അടുപ്പത്തിലായി. ഇതേത്തുടർന്ന് വീട്ടിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നു. അതോടൊപ്പം തന്നെ രേഖയെ മാതൃവീട്ടിൽ പോകാന്‍ സഞ്ജീവ് അനുവദിക്കാത്തതിലും ഇരുവർക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
പിന്നീട് ബിജൗലി ചൗക്കി ഏരിയയിലെ രാജ്‌ഗഡില്‍ സഞ്ജീവ് സ്വന്തമായി വീട് നിർമിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങി. ഇതിന് ശേഷവും ഇയാൾ ബന്ധം തുടർന്നിരുന്നു. ഈ ബന്ധത്തെ ഭാര്യ നിരന്തരം ചോദ്യം ചെയ്‌തതാണ് കൊലയിലേക്ക് നയിച്ചത്.
17 വർഷം മുമ്പാണ് രേഖ റൈക്വാർ ഝാൻസിയിലെ സഞ്ജീവ് റൈക്വാറുമായി വിവാഹിതയായതെന്ന് സഹോദരൻ ധർമേന്ദ്ര റൈക്വാർ പറഞ്ഞു. ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ട്. സഞ്ജീവ് ജോലിക്ക് പോകുന്നില്ലെന്നും മദ്യത്തിന് അടിമയാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. ബറുസാഗറില്‍ ഒരു വിവാഹത്തിൽ പങ്കെടുക്കാനുണ്ടായിരുന്നെങ്കിലും അവൾ വന്നിരുന്നില്ലെന്നും ധർമേന്ദ്ര അറിയിച്ചു.
ഭാര്യയെ കൊന്ന് സെപ്‌റ്റിക് ടാങ്കിൽ തള്ളി : കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തെളിവ് സഹിതം പിടികൂടി ക്രിമിനല്‍ ഇന്‍വസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (സിഐഡി). പശ്ചിമ ബംഗാളിലെ സോനാര്‍പൂരിലെ സൗത്ത് 24 പര്‍ഗാനാസില്‍ 2020 ല്‍ കൊവിഡ് ലോക്ക്‌ഡൗണിനിടയിൽ നടന്ന കൊലപാതകത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കുന്നത്. സംഭവത്തില്‍ പ്രതിയെ മുമ്പ് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
ALSO READ:Man kills his Wife: ഭാര്യയെ കൊലപ്പെടുത്തി സെപ്‌റ്റിക് ടാങ്കില്‍ തള്ളി; പ്രതി പിടിയിലാകുന്നത് 3 വര്‍ഷങ്ങള്‍ക്ക് ശേഷം
സോനാര്‍പൂർ സ്വദേശിയായ ഭോംബല്‍ മൊണ്ടലാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് താന്‍ ഭാര്യയായ തുമ്പ മണ്ഡലിനെ കൊലപ്പെടുത്തിയതെന്ന് ഭോംബാൽ വെള്ളിയാഴ്ച സിഐഡി സംഘത്തോട് തുറന്നുസമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സോനാർപൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചുവെന്നും പിന്നീട് വീട് വിട്ട് പോയെന്നും പ്രതി സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും താമസിച്ചിരുന്ന വാടക വീട്ടിലെത്തി നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.