സാഹിബ്‌ഗഞ്ച് (ജാർഖണ്ഡ്):ഡൽഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകം പുറത്തു വന്നതിന് പിന്നാലെ ജാർഖണ്ഡിൽ സമാനമായ മറ്റൊരു കൊലപാതകം കൂടി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പല കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട കേസിൽ ഭർത്താവിനെയും കുടുംബാംഗങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ചിലെ പഹാരിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള റൂബിക പഹാരിയയെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ ഭർത്താവ് ദിൽദാർ അൻസാരിയും ഇയാളുടെ കുടുംബാംഗങ്ങളും പൊലീസിന്‍റെ പിടിയിലായത്.
റൂബികയെ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ശനിയാഴ്‌ച പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. തെരച്ചിലിനിടെ യുവതിയുടെ ശരീരഭാഗങ്ങളുടെ 18ഓളം കഷ്‌ണങ്ങൾ പൊലീസ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ട റൂബികയുമായി പ്രതി ദിൽദാർ അൻസാരിയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുന്നതിനിടെയാണ് അൻസാരി റൂബികയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഈ വിവാഹത്തിൽ ആദ്യ ഭാര്യക്കും കുടുംബാംഗങ്ങൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നാലെയാണ് യുവതിയെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചത്.