ന്യൂഡല്‍ഹി :മുകുന്ദ്പൂരില്‍ അത്താഴത്തിന് ഭക്ഷണം പാകം ചെയ്യാത്തതിനെ തുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുകുന്ദ്പൂര്‍ സ്വദേശി ബജ്‌റംഗാണ് പിടിയിലായത്. പ്രീതിയാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബജ്‌റംഗ് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് സുഖമില്ലെന്നും ഭക്ഷണം ഉണ്ടാക്കിയില്ലെന്നും പ്രീതി പറഞ്ഞു. ഇതോടെ രോഷാകുലനായ ഇയാള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വടിയെടുത്ത് അടിക്കുകയും ചെയ്‌തു.
രോഷാകുലനായ ബജ്‌റംഗ് പ്രീതിയെ ക്രൂരമായി മര്‍ദിച്ചു. പ്രീതിയുടെ കൈയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി പ്രീതി നിലത്ത് വീണു.
സംഭവത്തെ തുടര്‍ന്ന് ബജ്‌റംഗ്, പ്രീതിയുടെ അമ്മയെ വിളിച്ച് സുഖമില്ലെന്നും ഉടന്‍ സ്ഥലത്തെത്തണമെന്നും അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പ്രീതിയെ ബുരാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ പ്രീതി മരിച്ചു.
സംഭവത്തില്‍ പ്രീതിയുടെ കുടുംബം ഭല്‍സ്വ ഡയറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ബജ്‌റംഗിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബിഹാറിലെ നളന്ദയിലും സമാന സംഭവം:ബിഹാറില്‍ സ്വത്ത് കൈക്കലാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കിയ വാര്‍ത്ത കേട്ടതിന്‍റെ ഞെട്ടല്‍ വിട്ട് മാറും മുമ്പാണ് മുകുന്ദ്പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത പുറത്ത് വന്നത്. മാര്‍ച്ച് 19 മുതല്‍ കാണാതായ യുവതിയുടെ മൃതദേഹം വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തുകയായിരുന്നു. ഇതിന് കാരണക്കാരായതാകട്ടെ തെരുവ് നായകളാണ്.
ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി വിവിധയിടങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. ബിഹാറിലെ നളന്ദ ഗ്രാമത്തില്‍ ഭര്‍ത്താവ് കുഴിച്ചിട്ട മൃതദേഹാവശിഷ്‌ടങ്ങള്‍ തെരുവ് നായകള്‍ കണ്ടെത്തി പുറത്തെടുത്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ കൂടി കണ്ടെടുത്തത്.
കുടുംബത്തിലെ ഒറ്റ മകളായ യുവതിയുടെ പിതാവിന്‍റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഇയാളുടെ പേരില്‍ എഴുതി നല്‍കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഭര്‍ത്താവിന്‍റെ ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. അമ്മയെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന മകന്‍റെ മൊഴി കേസില്‍ നിര്‍ണായക തെളിവായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
also read:ഭാര്യയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ച ശേഷം മഴു കൊണ്ട് വെട്ടിയും കൈക്കുഞ്ഞിനെ ടാങ്കില്‍ മുക്കിയും കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി :ഏതാനും ദിവസം മുമ്പാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ഇത്തരമൊരു സമാനമായ വാര്‍ത്ത കേട്ടത്. ജോലിക്ക് പോകുമ്പോള്‍ യുവാവ് ഭാര്യയെ കൂടെ കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഭാര്യയില്ലാതെ യുവാവ് തിരിച്ചെത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കി.
ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തിന്‍റെ കാരണം വ്യക്തമായിരുന്നില്ലെങ്കിലും ഭാര്യയെ കൊലപ്പെടുത്തിയതായി യുവാവ് കുറ്റം സമ്മതിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.