ഡല്‍ഹി : മനുഷ്യക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പതിനൊന്നാം പ്രതിയായ സൗദി സക്കീറാണ് അറസ്റ്റിലായത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (National Investigation Agency -NIA) രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ (ഡിസംബര്‍ 21) കൊച്ചിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം പിടികൂടിയത്. കൊച്ചിയില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്.
ബംഗ്ലാദേശില്‍ നിന്നും ബെനാപോള്‍ വഴി ഇയാള്‍ ഇന്ത്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. അനധികൃതമായി ഇന്ത്യയിലേക്ക് ആളുകളെ കടത്തിയ ഇയാള്‍ പിന്നീട് ബെംഗളൂരുവിലെ ബെലന്ദൂരിലേക്ക് താമസം മാറി. തുടര്‍ന്ന് ബെലന്ദൂരില്‍ മാലിന്യ ശേഖരണ യൂണിറ്റ് സ്ഥാപിക്കുകയും അതിര്‍ത്തിയിലൂടെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ യുവാക്കളെ യൂണിറ്റില്‍ ജോലിക്കാരായി നിയമിക്കുകയും ചെയ്‌തു. ഇതാണ് സൗദി സക്കീറിനെതിരെയുള്ള കേസ് (Saudi Zakir Arrested).