കേരളം

kerala

ETV Bharat / bharat

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ദിരത്തിൽ വീണ്ടും ത്രിവർണ പതാക ഉയർത്തി - ഖലിസ്ഥാൻ

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ദേശീയ പതാക ഖലിസ്ഥാൻ അനുഭാവികൾ നശിപ്പിച്ചതിന് പിന്നാലെ പതാക വീണ്ടും സ്ഥാപിച്ച് ഹൈക്കമ്മിഷൻ

Etv Bharat
Etv Bharat

By

Published : Mar 20, 2023, 1:06 PM IST

Updated : Mar 20, 2023, 1:20 PM IST

ലണ്ടൻ:ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ദിരം വീണ്ടും ത്രിവർണ പതാക കൊണ്ട് അലങ്കരിച്ചു. അമൃത്‌പാൽ സിങ്ങിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂലികൾ ഹൈക്കമ്മിഷൻ കെട്ടിടത്തിൽ നിന്ന് ദേശീയ പതാക വലിച്ചെറിഞ്ഞിരുന്നു. ഇന്ത്യൻ പതാകയെ അനാദരിക്കാൻ ശ്രമിച്ച അക്രമികൾക്കെതിരെ യുകെ സർക്കാർ നടപടി എടുക്കണമെന്ന് ബിജെപിയുടെ ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ സേവിച്ചതിന്‍റെ മഹത്തായ റെക്കോഡുകൾ പഞ്ചാബിനുണ്ട്. യുകെയിൽ ഇരിക്കുന്ന ചില ജമ്പിങ് ജാക്കുകൾ ഒരിക്കലും പഞ്ചാബിനെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമ്മിഷൻ ഓഫിസിൽ ഖലിസ്ഥാൻ അനുഭാവികൾ ദേശീയ പതാക വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം ഇന്ത്യയെ പ്രകോപിപ്പിക്കുകയും ശക്തമായ പ്രതികരണങ്ങൾക്ക് കാരണമാകുകയും ചെയ്‌തു.

നടന്നത് സുരക്ഷ വീഴ്‌ച: എന്നാൽ ഇന്ത്യൻ ഹൈക്കമ്മിഷനിൽ അക്രമത്തെ അനുകൂലിച്ച് ഖലിസ്ഥാനെ പലരും പ്രശംസിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റീന സ്‌കോട്ടിനെ ഞായറാഴ്‌ച വൈകുന്നേരം വിളിച്ചുവരുത്തി സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യൻ നയതന്ത്രജ്‌ഞരോടും ഉദ്യോഗസ്ഥരോടും യുകെ സർക്കാരിന്‍റെ അനാസ്ഥയിൽ മന്ത്രാലയം അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ നയതന്ത്രജ്‌ഞരുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി: ഇന്ത്യൻ ഹൈക്കമ്മിഷൻ മന്ദിരത്തിൽ നടന്ന ആക്രമണത്തിൽ താൻ ഭയന്നുപോയെന്ന് യുകെയുടെ വിദേശ കോമൺവെൽത്ത്, വികസനകാര്യ സഹമന്ത്രി ലോർഡ് താരിഖ് അഹമ്മദ് ട്വീറ്റ് ചെയ്‌തു. ഇത് തീർത്തും അസ്വീകാര്യമായ നടപടിയാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ സുരക്ഷ യു കെ ഗവൺമെന്‍റ് എപ്പോഴും ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രജ്‌ഞരുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന സംഭവമാണ് നടന്നത്. ഇത്തരം സംഭവങ്ങളെ നിസാരമായി കണക്കാക്കാൻ ആകില്ലെന്നും വിദേശത്തുള്ള ഇന്ത്യൻ ഉഗ്യോഗസ്ഥരുടെ സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

also read:യുകെയിലെ ഹൈക്കമ്മിഷന്‍ ഓഫിസിലെ ഇന്ത്യൻ പതാക നശിപ്പിച്ചു; യുകെ പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ

യുകെയിലെ ഇന്ത്യൻ പ്രവാസികളും സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. സംഭവത്തെ അപലപിച്ചും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ-യുകെ ബന്ധത്തിൽ ഖലിസ്ഥാനി വിഘടനവാദത്തിന്‍റെ സ്വാധീനം ഈ സംഭവം ഉയർത്തിക്കാട്ടുന്നു. അക്രമകാരികൾ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ദേശീയ പതാക ഇന്നലെ നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വലയിട്ട് കാത്തിരുന്ന് പഞ്ചാബ് പൊലീസ്: ദേശീയ പതാക നശിപ്പിച്ച ശേഷം ഖലിസ്ഥാൻ അനുഭാവികൾ മുദ്രാവാക്യം മുഴക്കി ഖലിസ്ഥാൻ പതാക പറത്തുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഖലിസ്ഥാൻ നേതാവായ അമൃത്‌പാൽ സിങ്ങിനായി മൂന്ന് ദിവസമായി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വലിയ പൊലീസ് സന്നാഹം തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി പഞ്ചാബിലെ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ്.

Last Updated : Mar 20, 2023, 1:20 PM IST

ABOUT THE AUTHOR

...view details