ന്യൂഡല്‍ഹി: മുഖര്‍ജി നഗറില്‍ ബഹുനില കെട്ടിടത്തിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം. സംഭവ സമയത്ത് കോച്ചിങ് സെന്‍ററിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കയറില്‍ തൂങ്ങി രക്ഷപ്പെട്ടു. ജനല്‍ വഴി രക്ഷപ്പെടുന്നതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് 11 അഗ്‌നി ശമന സേനകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാക്കിയത് കൊണ്ട് വന്‍ അപകടം ഒഴിവാക്കാനായെന്നും പൊലീസ് അറിയിച്ചു.
വിശദീകരണവുമായി ഡിഎഫ്എസ് (ഡൽഹി ഫയർ സർവീസ് ഡയറക്‌ടര്‍): ഇന്ന് ഉച്ചയ്‌ക്ക് 12.28നാണ് മുഖര്‍ജി നഗറിലെ ഗ്യാന ബില്‍ഡിങ്ങില്‍ തീപിടിത്തമുണ്ടായതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്‌ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. അതൊരു കോച്ചിങ് സെന്‍ററാണെന്നും കെട്ടിടത്തിനകത്ത് വിദ്യാര്‍ഥികള്‍ കുടുങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഇതോടെ വേഗത്തില്‍ സംഘം സ്ഥലത്തെത്തുകയായിരുന്നു.
തീപിടിത്തത്തിനിടെ സ്ഥലത്തെത്തി അഗ്നി ശമന സേന വിദ്യാര്‍ഥികളെ ജനല്‍ വഴി കയറിലൂടെ താഴെയിറക്കി. ഇതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുഖർജി നഗർ വിവിധ കോച്ചിങ് സെന്‍ററുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണെന്നും അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി.