ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വയോധിക അടക്കം രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി. 74 കാരിയും 40കാരിയുമാണ് അപകടത്തില്‍ മരിച്ചത്.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് വയോധിക മരിച്ചത്. അതേ സമയം തീപിടിത്തത്തിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് 40 കാരി മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ലോണി അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ രജനീഷ് ഉപാധ്യായ് പറഞ്ഞു. ഗാസിയാബാദ് ലോനിയിലെ ലാല്‍ ബാഗ് കോളനിയിലെ കെട്ടിടത്തില്‍ ഇന്ന് രാവിലെ 6.52നാണ് തീപിടിത്തമുണ്ടായത്.
ട്രോണിക്ക സിറ്റിയില്‍ നിന്നുള്ള രണ്ട് അഗ്‌നി ശമന സേന യൂണിറ്റും സാഹിബാബാദില്‍ നിന്നുള്ള യൂണിറ്റും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങി കിടന്നവരെ കെട്ടിടത്തിന്‍റെ ചുവരുകള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചപ്പോള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ആളില്ലായിരുന്നു. രക്ഷപ്രവര്‍ത്തനത്തിനിടെ അഗ്‌നി ശമന സേന ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ടെന്ന് ചീഫ് ഫയർ ഓഫിസർ (സിഎഫ്ഒ) രാഹുൽ പാൽ പറഞ്ഞു.