കൊപ്പള (കർണാടക): തന്‍റെ സ്വത്തുക്കളെല്ലാം ഗ്രാമത്തിലെ കുട്ടികൾക്കായി നല്‍കി 68 കാരി. കര്‍ണാടകയിലെ കൊപ്പള ജില്ലയിലെ കുങ്കേരി ഗ്രാമവാസിയായ ഹുച്ചമ്മ ചൗദ്രി (Huchchamma Chowdri) നിസ്വാർത്ഥതയുടെയും സാമൂഹിക സേവനത്തിന്‍റെയും മാതൃകയായിരിക്കുകയാണ്. സാമൂഹ്യ സേവനത്തിനുള്ള രാജ്യോത്സവ അവാർഡ് (Karnataka Rajyotsava Award) നൽകി കർണാടക സർക്കാർ ഹുച്ചമ്മ ചൗദ്രിയെ ആദരിച്ചു. സംസ്ഥാന സർക്കാർ വർഷം തോറും നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയന്‍ അവാർഡാണിത്.
സമ്പത്ത് കുമിഞ്ഞുകൂടാനും ഭാവിക്കായി കരുതിവയ്‌ക്കാനുമുള്ള ഓട്ടത്തിലാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ കർണാടകയിലെ 68 കാരിയായ ഹുച്ചമ്മ ചൗദ്രി തന്‍റെ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി തനിക്കുള്ളതെല്ലാം സ്വമേധയാ നൽകിയിരിക്കുകയാണ്. ഒരു കുട്ടിയുടേയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി കുങ്കേരിയിൽ ഹുച്ചമ്മയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമിയാണ് സംഭാവന നൽകിയത്. ബുധനാഴ്‌ച കർണാടക സ്ഥാപക ദിനത്തിൽ സംസ്ഥാന സർക്കാർ അവരെ ആദരിച്ചു.
പതിറ്റാണ്ടുകൾക്ക് മുമ്പ്, ബാസപ്പ ചൗഡൂരിയെ വിവാഹം കഴിച്ചതിന് ശേഷമാണ് താൻ കുനിക്കേരി ഗ്രാമത്തിൽ എത്തിയതെന്ന് അവർ ഓർക്കുന്നു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു, രണ്ടേക്കർ വയലിൽ കഠിനാധ്വാനം ചെയ്‌തു. ഭർത്താവ് മരിച്ചതോടെ ഹുച്ചമ്മ തനിച്ചായെങ്കിലും തളരാതെ വയലിൽ ജോലികള്‍ ചെയ്യുന്നത് തുടര്‍ന്നു. അതോടൊപ്പം ഗ്രാമത്തിൽ ഒരു പുതിയ സ്‌കൂള്‍ കെട്ടിടം പണിയേണ്ടി വന്നപ്പോള്‍ തനിക്കുണ്ടായിരുന്ന രണ്ടേക്കർ ഭൂമി സന്തോഷത്തോടെ ഹുച്ചമ്മ നല്‍കി. വർഷങ്ങൾക്ക് ശേഷം കളിസ്ഥലം ആവശ്യമായി വന്നപ്പോള്‍ തന്‍റെ ശേഷിച്ച ഭൂമിയും വിട്ടുകൊടുത്തു.