മാണ്ഡി:ഹിമാചൽ പ്രദേശ് മാണ്ഡി ജില്ലയിലെ കർസോഗിൽ എച്ച്ആർടിസി (ഹിമാചല്‍ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. ബസിലുണ്ടായിരുന്ന 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞും, കണ്ടക്‌ടറുമാണ് മരണപ്പെട്ടത്. അപകടത്തിൽ 12ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് 47 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
റോഡില്‍ നിന്ന് 300 അടി താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ നാട്ടുകാർ സ്ഥലത്തെത്തി വിവരം പൊലീസിൽ അറിയിച്ചു. ഉടൻ തന്നെ പൊലീസും എസ്‌ഡിആർഎഫും (സംസ്ഥാന ദുരന്തനിവാരണ സേന) നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തം നടത്തുകയായിരുന്നു. ബസിന്‍റെ വാതിലുകൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
മരങ്ങൾ കാരണം വൻ അപകടം ഒഴിവായി:ഉത്തർപ്രദേശിലെ റുപൈദിഹയിൽ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് വരികയായിരുന്ന എച്ച്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കർസോഗിലെ മാമെൽ മാഡി റോഡിൽ ദേരിദാറിന് സമീപമാണ് അപകടമുണ്ടായത്. ഈ പ്രദേശത്തെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് നിരവധി മരങ്ങൾ ഉണ്ടായിരുന്നു. അതുകാരണം ബസ് റോഡിലേക്ക് മറിഞ്ഞ് പൈൻ മരങ്ങളിൽ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം. അപകടത്തിൽ പരിക്കേറ്റവരെ കർസോഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം റോഡരികില്‍ അപകട മുന്നറിയിപ്പ് ബോർഡുകൾ അടക്കമുള്ളവയൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ജമ്മുവിൽ ബസ് മറിഞ്ഞ് 10 മരണം: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലെ കത്രയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് വീണ് 10 പേർ മരിച്ചിരുന്നു. അമൃത്‌സറിൽ നിന്ന് കത്രയിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഝജ്ജർ കോട്‌ലി പ്രദേശത്തുവച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
കത്രയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. കത്രയിലേക്ക് പോവുകയായിരുന്ന ബസ് ഝജ്ജർ കോട്‌ലി പ്രദേശത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തലകീഴായി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 55 പേർക്കാണ് പരിക്കേറ്റത്. എട്ട് പേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്നാണ് രക്ഷപ്പെട്ടവർ വ്യക്‌തമാക്കിയത്. ബസിന്‍റെ അമിത വേഗതയായിരുന്നു അപകടത്തിന് കാരണമെന്നും വേഗത്തിൽ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വലിയ ശബ്‌ദത്തോടെ പാലത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു എന്നും യാത്രക്കാർ അറിയിച്ചു.
ALSO READ:ജമ്മുവിൽ തീർഥാടകർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണ് 10 മരണം ; നിരവധി പേർക്ക് പരിക്ക്
ഇക്കഴിഞ്ഞ മെയ് 21നും ജമ്മു കശ്‌മീരിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടമുണ്ടായിരുന്നു. റിയാസി ജില്ലയിൽ നടന്ന അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മാതാവൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.