മുംബൈ: ഗുണ്ടാനേതാവ് വേദയായി വിജയ് സേതുപതിയും എതിർമുഖത്ത് വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മാധവനും വേഷമിട്ട വിക്രം വേദ തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. സെയ്‌ഫ് അലി ഖാൻ, ഹൃതിക് റോഷൻ എന്നിവരാണ് വിക്രവും വേദയുമായി വേഷമിടുന്നത്. റീമേക്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഷൂട്ടിങ് കഴിഞ്ഞ വിവരം ഹൃത്വിക്ക് ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
വിക്രം വേദ തമിഴില്‍ ഒരുക്കിയ പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ തന്നെയാണ് റീമേക്ക് ചിത്രവും സംവിധാനം ചെയ്യുന്നത്. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമാണ് വേദയെന്ന് ഹൃത്വിക് റോഷന്‍ പറയുന്നു. വേദയാകാൻ വേണ്ടി തന്‍റെ നായക പരിവേഷത്തിൽ നിന്ന് പുറത്തുകടന്ന് നടനെന്ന നിലയിൽ ഇതുവരെ പരീക്ഷിക്കാത്ത പുതിയൊരു മേഖലയിലേക്ക് ചുവടുവയ്‌ക്കേണ്ടി വന്നുവെന്നും നടന്‍ പറഞ്ഞു. ബിരുദം നേടുന്നത് പോലെയായിരുന്നു വേദയിലേക്കുള്ള യാത്ര എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.