ഹൃത്വിക് റോഷനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫൈറ്റര്‍'. റിലീസിനൊരുങ്ങുന്ന സിനിമയുടെ ഓരോ പുതിയ വിവരങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ഫൈറ്റര്‍' ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്.
'ഫൈറ്ററി'ല്‍ നിന്നുള്ള ദീപികയുടെയും ഹൃത്വിക്കിന്‍റെയും ചിത്രങ്ങള്‍ ലീക്ക് ആവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്ന് സിനിമയിലെ ഏതാനും രംഗങ്ങള്‍ മുംബൈയിലെ ഒരു സ്‌റ്റുഡിയോയിലാകും ചിത്രീകരിക്കുക. ഇരുവരും ഒന്നിച്ചുളള ചില വൈകാരിക രംഗങ്ങള്‍ ചുരുങ്ങിയ ക്രൂ അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും മുംബൈയിലെ സ്‌റ്റുഡിയോയില്‍ ചിത്രീകരിക്കുക. അതേസമയം സംവിധായകന്‍ ചുരുങ്ങിയ ക്രൂവില്‍ ഷൂട്ടിംഗ് ക്രമീകരിച്ചതിനാല്‍ സിനിമയിലെ ചിത്രങ്ങള്‍ ചോരാനുള്ള സാധ്യത ഇല്ലാതാക്കി.
മുംബൈയിലെ സ്‌റ്റുഡിയോയിലെ ഷെഡ്യൂളിന് ശേഷം, അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുക ചെമ്പൂരിലെ മൈസൂർ കോളനിയിലാകും. അതേസമയം മൂന്ന് ദിവസങ്ങള്‍ അടങ്ങിയ ദീപികയുടെയും അനില്‍ കപൂറിന്‍റെയും കോമ്പിനേഷൻ രംഗങ്ങള്‍ സംവിധായകന്‍ സിദ്ധാർഥ് ആനന്ദ് ചിത്രീകരിച്ചു. തിങ്കളാഴ്‌ച മുതൽ ചണ്ഡിവാലിയിൽ ഹൃത്വിക്ക് റോഷനും ദീപിക പദുക്കോണും ഉൾപ്പെടുന്ന വൈകാരിക രംഗങ്ങൾ സംവിധായകൻ ചിത്രീകരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഫൈറ്റ'റിലെ ഒരു നിര്‍ണായക രംഗമാണ് ഇതെന്നാണ് സൂചന.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയ്‌ക്കായി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂൺ പകുതി വരെ മുംബൈ ഷെഡ്യൂൾ നടക്കുമെന്നാണ് സൂചന. മുംബൈ ഷെഡ്യൂളിന് ശേഷം ടീം ജൂലൈയിൽ ഒരു അന്താരാഷ്‌ട്ര ലൊക്കേഷനിലേക്ക് കടക്കും. രണ്ട് ഗാനങ്ങളും ക്ലൈമാക്‌സിന്‍റെ ഭാഗമായ ഒരു വലിയ ആക്ഷൻ സെറ്റും അവർ ചിത്രീകരിക്കും.
രാജ്യത്തെ ഏറ്റവും മികച്ച യുദ്ധ വിമാന പൈലറ്റാകാനുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. ഷംഷേർ പതാനിയ എന്ന പാറ്റി എന്ന കഥാപാത്രത്തിന്‍റെ യാത്രയാണ് 'ഫൈറ്റർ' രേഖപ്പെടുത്തുന്നത്. ദീപികയും ഒരു യുദ്ധവിമാന പൈലറ്റായാണ് വേഷമിടുക. 'ഫൈറ്ററി'ല്‍ നായകന്‍റെ ഉയർച്ചയുടെ അവിഭാജ്യഘടകമായാണ് ദീപികയുടെ കഥാപാത്രത്തെ കണക്കാക്കപ്പെടുന്നത്.