ഹൗറ (പശ്ചിമബംഗാള്‍):ഹൗറയില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി ആളുകളുടെ നില ഗുരുതരമാണ്. ഹൗറയിലെ ഗുസൂരിയിലെ മാലിപഞ്ച്ഗ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗജാനന്ദ് ബസ്‌തിയിലാണ് സംഭവം.
പ്രതാപ് കർമാക്കർ എന്ന വ്യക്തിയാണ് പ്രദേശത്ത് അനധികൃതമായി മദ്യവില്‍പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഗജാനന്ദ് ബസ്‌തി ചേരിയില്‍ നിരവധി പേര്‍ മദ്യം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അതേ സമയം പൊലീസും ഭരണകൂടവും അറിയാതെ ചില മൃതദേഹങ്ങൾ സംസ്‌കരിച്ചതായും ആരോപണമുണ്ട്.
മദ്യം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ചിലര്‍ വീടുകളിലും കഴിയുന്നുണ്ട്. ഗുസൂരി പ്രദേശത്തെ ചെറുകിട ഫാക്‌ടറികൾ തൊഴിലാളികള്‍ക്കാണ് അപകടം സംഭവിച്ചത്.
ചേരികളിൽ താമസിക്കുന്ന തൊഴിലാളികൾ സംഭവ ദിവസം മദ്യശാലയില്‍ നിന്ന് മദ്യം കഴിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഹൗറ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്നും ഹൗറ സിറ്റി പൊലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ബർദ്വാനിലുണ്ടായ മദ്യ ദുരന്തത്തിന് പിന്നാലെയാണ് ഹൗറയിലെ സംഭവം.