Mental Health In Omicron Scare: കൊവിഡ് വൈറസിന്‍റെ പ്രാരംഭ വകഭേദങ്ങളിൽ നിന്നോ തരംഗങ്ങളിൽ നിന്നോ ആളുകൾ ഇതുവരെയും കരകയറിയിട്ടില്ല. അതിനിടയിലാണ് പുതിയ വകഭേദമായ ഒമിക്രോണ്‍ എത്തിയത്. ഇതിനെക്കുറിച്ച് ഇതുവരെ കൂടുതൽ അറിവില്ലാത്തതിനാൽ വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആളുകൾ ആശങ്കാകുലരാണ്. ഈ ആശങ്കകള്‍ ആളുകളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.
ഒമിക്രോണ്‍ ഭീതിക്കിടയില്‍ നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം?
ആശങ്കയുടെ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിളിച്ച ഒമിക്രോണിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് എല്ലാ വാർത്തകളിലും പ്രധാന ചര്‍ച്ച. ചര്‍ച്ചകള്‍ തുടങ്ങി വളരെ പെട്ടെന്ന് തന്നെ അത് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു.
ഓസ്‌ട്രേലിയയിലെ മെന്‍റല്‍ ഹെല്‍ത്ത് തിങ്ക് ടാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളും യുവാക്കളും, ആദിവാസി സമൂഹങ്ങൾ, സ്‌ത്രീകൾ, ആരോഗ്യ പരിപാലന തൊഴിലാളികൾ, അസംഘടിത ജോലിയിലുള്ളവർ അല്ലെങ്കിൽ തൊഴിലില്ലാത്തവർ എന്നിവരുൾപ്പെടെ, ദുർബലരായ വിഭാഗങ്ങൾക്ക് നിലവിലുള്ള മാനസികമോ ശാരീരികമോ ആയ രോഗങ്ങളോടൊപ്പം കൊവിഡ് വൈകാരികവും സാമൂഹികവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്.
അതി ദുര്‍ബലമായി മാറിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നമ്മുടെ മാനസിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
നമുക്ക് എന്ത് ചെയ്യാൻ കഴിയും?
1.പോഷകസമൃദ്ധമായ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ഇന്ന് നിങ്ങളുടെ മസ്‌തിഷ്‌കം എന്തൊക്കെ വിവരങ്ങളാണ് ഉപയോഗിച്ചതെന്ന് ശ്രദ്ധിക്കുക. അത് നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചുള്ള മോശം വാർത്തകളും നെഗറ്റീവ് ചിത്രങ്ങളുമാണോ. അനിശ്ചിതത്വം നമ്മളില്‍ ഉത്കണ്‌ഠയും ഭയവും ഉണ്ടാക്കുന്നു.
ഇത് നമ്മുടെ പരിതസ്ഥിതിയിലെ നെഗറ്റീവ് ആയ വിവരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവ്യക്തമായ സാഹചര്യങ്ങളെ ഭീഷണിയായി വ്യാഖ്യാനിക്കാനും കാര്യങ്ങൾ എങ്ങനെ തെറ്റായി പോകുമെന്ന് ആശങ്കപ്പെടാനും ഇടയാക്കുന്നു. നമ്മുടെ മാനസികാവസ്ഥയാണ് മനസിൽ വരുന്നതിനെ രൂപപ്പെടുത്തുന്നത്. ഒപ്പം മനസിൽ വരുന്നത് നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു.
അതിനാൽ നമുക്ക് മോശം തോന്നലുണ്ടാകുമ്പോള്‍ നെഗറ്റീവ് കാര്യങ്ങൾ എളുപ്പത്തിൽ മനസിൽ വരുന്നു. അത് നമ്മെ മോശമാക്കുകയും ഇത് ഒരു നെഗറ്റീവ് ലൂപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി വാർത്തകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നുമുള്ള നെഗറ്റീവ് ചിത്രങ്ങളും വിവരങ്ങളും കൊണ്ട് നമ്മുടെ തലച്ചോറ് നിറഞ്ഞിരിക്കുന്നുവെങ്കിൽ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് നിർബന്ധിതമായി വികലമായ നെഗറ്റീവ് ഇമേജുകളും ചിന്തകളും കൊണ്ട് നിറയും.
ഇത് ഉത്കണ്‌ഠയുടെയും നിരാശയുടെയും ഉയര്‍ച്ചയ്‌ക്ക് ഇന്ധനം പകരും. ഇത് നമ്മെ നിരാശരും നിസ്സഹായരും ആക്കിത്തീർക്കും. അത്തരം തോന്നലുകളിലേക്ക് നയിക്കുന്ന ഉറവിടങ്ങളില്‍ നിന്നും അകലം പാലിക്കാം.