ഹൈദരാബാദ് :കൊവിഡിന്‍റെ പുതിയ വകഭേദം മുതിര്‍ന്നവരെ പോലെ കുട്ടികളേയും ബാധിക്കുകയാണ്. കുട്ടികളില്‍ അണുബാധ ഗുരുതരമായി മാറാനുള്ള സാധ്യത കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ അവര്‍ വൈറസ് വാഹകരായി മാറാനും ഇടയുണ്ട്. കൊവിഡ് രണ്ടാം തരംഗം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇ ടി വി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിക്കുകയാണ് ഹൈദരാബാദ് റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നിയോനാറ്റോളജി ഫെലോ ഡോ.വിജയാനന്ദ് ജമാല്‍പുരി.
കൊവിഡിന്‍റെ പുതിയ വകഭേദം എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്? ആദ്യ തരംഗത്തെ രണ്ടാം തരംഗവുമായി എങ്ങനെ താരതമ്യം ചെയ്യാം?
ആദ്യ തരംഗത്തില്‍ കുട്ടികളെ അത്രയധികമൊന്നും ഈ വൈറസ് ബാധിക്കുന്നുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ കൂടുതലും ലക്ഷണങ്ങളില്ലാതെയായിരുന്നു. പക്ഷെ കുടുംബത്തിലെ മറ്റാരെങ്കിലും രോഗബാധിതനായി വൈറസ് വാഹകരായി വീട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന ബന്ധപ്പെടല്‍ മൂലം അവരേയും പരിശോധിക്കുമ്പോൾ രോഗം വന്നതായി സ്ഥിരീകരിക്കാറുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തില്‍ കുട്ടികളെ പ്രാഥമികമായും രോഗം ബാധിക്കുന്നു എന്നതിനാലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കാരണം അവര്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.എന്നിരുന്നാലും രോഗബാധയുടെ ഗുരുതരാവസ്ഥയും കുട്ടികളില്‍ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളും പ്രായപൂര്‍ത്തിയായവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. എട്ട് വയസ്സിന് താഴെയുള്ള ഏതാനും കുട്ടികളും അതുപോലെ ചില നവജാത ശിശുക്കളും വൈറസ് ബാധിച്ചവരായി കണ്ടുകഴിഞ്ഞു. കൂടുതല്‍ അമ്മമാര്‍ രോഗബാധിതരാകുന്നതിനാലാണ് നവജാത ശിശുക്കള്‍ക്കും വൈറസ് ബാധ ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍ അമ്മമാരുമായി വളരെ അധികം അടുത്ത് ഇടപഴകുന്നു. അതുകൊണ്ട് രോഗം പകരുവാന്‍ വളരെ എളുപ്പവുമാണ്. മുലപ്പാലിലൂടെ വൈറസ് കുഞ്ഞിലേക്ക് പകരുന്നില്ല. എന്നാല്‍ പ്ലാസന്റയിലൂടെ (മറുപിള്ള) രോഗം പകര്‍ന്ന ഏതാനും ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു.
ALSO READ :മധ്യപ്രദേശില്‍ ആശങ്ക സൃഷ്ടിച്ച് കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്
കുട്ടികളില്‍ കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
കുട്ടികളില്‍ ഞങ്ങള്‍ സര്‍വ്വസാധാരണമായി കണ്ട ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയോടൊപ്പം ചില ഉദരസംബന്ധവുമായ ലക്ഷണങ്ങളാണ്. വയറിളക്കവും ഛര്‍ദ്ദിയും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു കുട്ടിക്ക് അത്തരം ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന പരാതി ഉയരുമ്പോള്‍ അവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും അവരില്‍ മിക്കവര്‍ക്കും രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സാധാരണയായി മഴക്കാലത്താണ് വയറിളക്കവും ഛര്‍ദ്ദിയും കണ്ടുവരുന്നത്. എന്നാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മൂലം വേനല്‍ക്കാലത്ത് പോലും വൈറസ് ബാധയാൽ കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു. 10 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളില്‍ തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവ ഉള്‍പ്പെടുന്നു. രുചിയും മണവും നഷ്ടപ്പെടുന്നതും അനുഭവപ്പെടുന്നുണ്ട്. ഇക്കാരണത്താല്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ തയ്യാറായിക്കൊള്ളണമെന്നില്ല.