ന്യൂഡല്‍ഹി: ഫെബ്രുവരി ആറിന് തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇന്നലെ രാത്രി ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഉണ്ടായ ഭൂചലനം. പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി 11 പേരുടെ മരണത്തിന് ഇന്നലെ ഉണ്ടായ ഭൂചലനം കാരണമായി. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടപ്പെട്ടത്. ഇന്നലെ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാന്‍ ആയിരുന്നു എങ്കിലും ഡല്‍ഹി വരെ അനുഭവപ്പെടുകയുണ്ടായി. രാജ്യ തലസ്ഥാനത്ത് ഭൂചലനത്തില്‍ ആളപായമോ വസ്‌തുക്കള്‍ക്ക് നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെങ്കിലും അടിക്കടി അനുഭവപ്പെടുന്ന ഭൂചലനം ഡല്‍ഹിക്ക് അപകടം വിളിച്ചുവരുത്തുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
Also Read: 6 രാജ്യങ്ങളില്‍ ഭൂചലനം: 11 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്
ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (ഡിഡിഎംഎ) കണക്കനുസരിച്ച് ഭൂചലന സാധ്യതയുള്ള മേഖലകളുടെ പട്ടികയില്‍ ഡൽഹി സ്ഥിതി ചെയ്യുന്നത് സോൺ നാലില്‍ ആണ്. അതായത് ഭൂചലനത്തിന്‍റെ കാര്യത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഒന്നാണ് ഡല്‍ഹി. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 50 ദശലക്ഷം വര്‍ഷങ്ങളായി നടക്കുന്ന യുറേഷ്യന്‍ പ്ലേറ്റുമായി ഇന്ത്യന്‍ പ്ലേറ്റിന്‍റെ തുടര്‍ച്ചയായുള്ള കൂട്ടിയിടിയാണ് ഉയര്‍ന്ന തീവ്രതയിലുള്ള ഭൂചലനത്തിന് കാരണം.
ഈ കൂട്ടിയിടിയില്‍ പ്ളേറ്റുകള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വലിയ തോതിലുള്ള ഊര്‍ജം സംഭരിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് സംഭരിക്കപ്പെട്ട ഈ ഊര്‍ജം പുറന്തള്ളുമ്പോള്‍ അതി ശക്തമായ ഭൂചലനം ഉണ്ടാകുന്നു.