അയോദ്ധ്യ: അയോധ്യയിൽ 2 അമൃത് ഭാരത് ട്രെയിനുകളും, 6 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തത്. നേരത്തെ പുറത്തിറക്കിയ വന്ദേ ഭാരത് ട്രെയിനുകളോട് കിടപിടിക്കുന്ന, സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമാണ് അമൃത് ഭാരത്. രാജ്യത്തെ ആദ്യ സെമി ഹൈ സ്‌പീഡ് ട്രെയിനായ വന്ദേ ഭാരതിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ അമൃത് ഭാരത് എക്‌സ്‌പ്രസിലുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസും അമൃത് ഭാരത് എക്‌സ്‌പ്രസും തമ്മിലുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (How Amrit Bharat is Different From Vande Bharat Express)
അമൃത് ഭാരത്: നോ-ഫ്രിൽ (കുലുക്കമില്ലാത്ത) സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് സർവീസിന് കീഴിൽ തരംതിരിച്ചിരിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ദീർഘദൂര സർവീസിനുവേണ്ടിയുള്ള നോൺ എസി സ്ലീപ്പർ, അൺ റിസർവ്ഡ് ക്ലാസ് സർവീസാണ്. രാത്രി സമയങ്ങളിലാകും സ്ലീപ്പർ ട്രെയിനുകൾ പൊതുവെ യാത്ര തുടങ്ങുക. ഈ ട്രെയിനുകൾ രാവിലെ യാത്ര തുടങ്ങിയാൽ പോലും യാത്ര അവസാനിപ്പിക്കും മുൻപ് കുറഞ്ഞത് ഒരു മുഴുനീള രാത്രിയെങ്കിലും താണ്ടുന്നവയാകും. അതിനാൽ തന്നെ സ്ലീപ്പർ ബർത്തുകളാണ് അമൃത് ഭാരത് ട്രെയിനുകളിലുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ 1800 പേർക്ക് യാത്ര ചെയ്യാം.
800 കിലോമീറ്ററിലധികം ദൂരത്തിലോ, പത്ത് മണിക്കൂർ സമയപരിധിയിലോ സ്ഥിതി ചെയ്യുന്ന നഗരങ്ങൾക്കിടയിലാകും അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. (ഉദാ. തിരുവനന്തപുരം-ചെന്നൈ) അമൃത് ഭാരത് ട്രെയിനുകൾ വളരെ ഉയർന്ന വേഗതയിൽ ഓടാൻ പ്രാപ്‌തമാണ്. എന്നാൽ നിലവിൽ ട്രാക്കുകൾക്കുള്ള പരിമിതി മൂലം അവയുടെ വേഗത മണിക്കൂറിൽ 110-130 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു.
Also Read:വൃത്തിയുള്ള വന്ദേ ഭാരത്; ട്രെയിനുകളില്‍ '14 മിനിറ്റ് ഓഫ് മിറാക്കിൾ'
പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ അമൃത് ഭാരത് ട്രെയിനിന് മറ്റ് ട്രെയിനുകളെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ വേഗത ആർജ്ജിക്കാനാകും. പുഷ്-പുൾ ഉള്ളതിനാൽ ട്രെയിനുകൾക്ക് പെട്ടെന്ന് വേഗതയാർജ്ജിക്കാൻ എന്നപോലെ പെട്ടെന്ന് നിർത്താനുമാകും. ബോഗികൾ തമ്മിൽ ബന്ധിപ്പിക്കാൻ സെമി-പെർമനന്‍റ് കപ്ലറുകൾ ഉപയോഗിക്കുന്നത് യാത്രയിലെ കുലുക്കം കുറയ്ക്കാൻ സഹായിക്കും.