ലഖ്‌നൗ: കൊവിഡ് ചികിത്സയുള്ള ആശുപത്രിയിൽ നിന്നും റെംഡെസിവിർ മരുന്ന് മറിച്ചു വിൽക്കുകയും രോഗിക്ക് ഉപ്പുവെള്ളം നൽകുകയും ചെയ്ത സംഭവത്തിൽ രണ്ട് വാർഡ് ജീവനക്കാരുൾപ്പെടെ എട്ട് ആശുപത്രി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സുഭാരതി ആശുപത്രിയിലാണ് സംഭവം. ഉപ്പുവെള്ളം നൽകിയ രോഗി പിന്നീട് മരണപ്പെട്ടിരുന്നു.
കൊവിഡ് രോഗിക്കുള്ള മരുന്ന് മറിച്ചു വിറ്റു; ഉപ്പുവെള്ളം നൽകിയ രോഗി മരിച്ചു - ഉത്തർപ്രദേശ്
കൊവിഡ് രോഗിക്ക് നൽകാനുള്ള മരുന്ന് 25000 രൂപക്ക് മറിച്ചു വിൽക്കുകയായിരുന്നു.
ഗാസിയാബാദിൽ നിന്നുള്ള കൊവിഡ് ബാധിച്ച ശോഭിത് ജെയ്ന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഡോക്ടർ റെംഡെസിവിർ കുത്തിവയ്ക്കാൻ നിർദേശിച്ചതായും എന്നാൽ മറ്റു ജീവനക്കാർ മരുന്ന് 25000 രൂപക്ക് മറിച്ചു വിൽക്കുകയും രോഗിക്ക് ഉപ്പുവെള്ളം കുത്തിവയ്ക്കുകയും ചെയ്തുവെന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങൾ പറയുന്നു. രണ്ട് വാർഡ് ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു.
അതേസമയം, ശനിയാഴ്ച 38,055 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഉത്തർപ്രദേശിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 10,51,314 ആയി വർധിച്ചു. 223 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 10,959 ആയി. 2,88,144 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.