കേരളം

kerala

By

Published : Nov 21, 2022, 9:31 PM IST

ETV Bharat / bharat

ആണ്‍കുഞ്ഞ് പിറന്നെന്ന് ആശുപത്രി, ചികിത്സയ്‌ക്കിടെ മരിച്ചെന്നറിയിച്ച് കൈമാറിയത് പെണ്‍കുഞ്ഞിനെ; പിതൃത്വ പരിശോധന ആവശ്യപ്പെട്ട് കുടുംബം

ജമ്മുകശ്‌മീരിലെ ശ്രീനഗറിലെ ബെമിനയില്‍ പട്‌ലിബാഗ് സ്വദേശികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്നറിയിച്ച ആശുപത്രി അധികൃതര്‍ ആണ്‍കുഞ്ഞിന് പകരം പെണ്‍കുഞ്ഞിന്‍റെ മൃതശരീരം കൈമാറിയതിനെ തുടര്‍ന്ന് പിതൃത്വം പരിശോധിക്കണമെന്ന ആവശ്യവുമായി കുടുംബം

Hospital  Girl Child dead  Boy child  Paternity Examination  ആണ്‍കുഞ്ഞ്  കുഞ്ഞ്  ആശുപത്രി  ചികിത്സ  പിതൃത്വ പരിശോധന  ശ്രീനഗര്‍  ജമ്മുകശ്‌മീരിലെ  ബെമിന  പട്‌ലിബാഗ്  അധികൃതര്‍  മൃതശരീരം  കുടുംബം  ബന്ധുക്കള്‍
ആണ്‍കുഞ്ഞ് പിറന്നെന്ന് ആശുപത്രി, ചികിത്സയ്‌ക്കിടെ മരിച്ചെന്നറിയിച്ച് കൈമാറിയത് പെണ്‍കുഞ്ഞിനെ; പിതൃത്വ പരിശോധന ആവശ്യപ്പെട്ട് കുടുംബം

ബെമിന (ശ്രീനഗര്‍):പ്രസവാനന്തരം ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ മൃതദേഹം മാറി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതൃത്വ പരിശോധനാഫലം കാത്ത് കുടുംബം. ബെമിനയിലെ സ്‌കിംസ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടതായി അറിയിച്ച് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. എന്നാല്‍ ആണ്‍കുഞ്ഞിന് പകരം പെണ്‍കുഞ്ഞിന്‍റെ മൃതശരീരം കൈമാറിയതിനെ തുടര്‍ന്ന് പിതൃത്വം പരിശോധിക്കണമെന്ന ആവശ്യത്തിലേക്ക് കുടുംബം നീങ്ങുകയായിരുന്നു.

നവംബര്‍ മൂന്നിനാണ് പട്‌ലിബാഗ് പ്രദേശത്തെ ബുദ്ഗാമിൽ നിന്നുള്ള കുടുബം പ്രസവത്തിനായി ബെമിനയിലെ സ്‌കിംസ് ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് മരുമകള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മാത്രമല്ല പ്രസവാനന്തരമായി കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതായും അധികൃതര്‍ വ്യക്തമാക്കി. 13 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചുവെന്ന് അറിയിച്ച് ഇവര്‍ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി. എന്നാല്‍ കുഞ്ഞിനെ വീട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനിടെയാണ് അത് പെണ്‍കുഞ്ഞാണെന്ന് ബന്ധുക്കള്‍ മനസിലാക്കുന്നത്.

പരിശോധനയിലേക്ക് നീങ്ങി കുടുംബം:സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മടങ്ങിയ ബന്ധുക്കള്‍ ആണ്‍കുഞ്ഞിന് പകരം പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കൈമാറിയതിനെ ചൊല്ലി ആശുപത്രി അധികൃതരുമായി തര്‍ക്കമുണ്ടായി. എന്നാല്‍ യഥാര്‍ഥത്തില്‍ കുഞ്ഞ് പെണ്‍കുഞ്ഞായിരുന്നുവെന്നറിയിച്ച് ആധുപത്രി അധികൃതര്‍ തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍ മുമ്പ് കൈമാറിയ രേഖകളില്‍ കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കുടുംബം അറിയിച്ചതോടെയാണ് രക്തസാമ്പിളുകള്‍ ശേഖരിച്ച് കുഞ്ഞിന്‍റെ പിതൃത്വം പരിശോധിക്കാന്‍ തീരുമാനമായത്.

കുഞ്ഞ് എവിടെ?:മരിച്ച പെണ്‍കുഞ്ഞിന്‍റെ പിതൃത്വം പട്‌ലിബാഗ് കുടുംബവുമായി ബന്ധമുള്ളതായി തെളിഞ്ഞാല്‍ ആശുപത്രി അധികൃതര്‍ക്ക് ആശ്വസിക്കാം. എന്നാല്‍ മറിച്ചാണെങ്കില്‍ ആണ്‍കുഞ്ഞിനായുള്ള തെരച്ചിലിലേക്ക് നീങ്ങേണ്ടതായി വരും. അതേസമയം നവംബര്‍ മൂന്നിന് റുഖ്‌സാന എന്ന സ്‌ത്രീയേയും സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിഫ ദേവ അറിയിച്ചു.

ഇടത് വെൻട്രിക്കുലാർ തകരാര്‍ കാരണം ശ്വാസതടസം നേരിട്ട ഇവര്‍ സീനിയർ സർജന്‍റെ ചികിത്സയിലായിരുന്നുവെന്നും ഇവരുടെ കുഞ്ഞിനും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ മരിച്ച പെണ്‍കുഞ്ഞിന്‍റെ പിതൃത്വം സ്ഥാപിതമായതിനുശേഷം മാത്രമേ ഇപ്പോൾ നിലനില്‍ക്കുന്ന തർക്കത്തിന് അന്തിമ പരിഹാരമാകുകയുള്ളു.

ABOUT THE AUTHOR

...view details