റൂർക്കി : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികൾക്ക് ഗുരുതര പരിക്ക്. ഹരിദ്വാര്‍ - റൂർക്കിയിലെ മന്ദവേല ഗ്രാമത്തിലാണ് അപകടമുണ്ടായത്. 15, 4 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് റോഡിന്‍റെ എതിർ വശത്തേക്ക് വീണ പെണ്‍കുട്ടികളുടെ ശരീരത്തിലേക്ക് എതിരെ വന്ന മറ്റൊരു കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ ഋഷികേഷ് എയിംസിലേക്ക് മാറ്റി.
റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് തെറിപ്പിച്ചു, എതിരെ വന്ന വാഹനം കയറിയിറങ്ങി ; പെണ്‍കുട്ടികൾക്ക് ഗുരുതര പരിക്ക് - ഋഷികേഷ്
ഹരിദ്വാര്‍ - റൂർക്കിയിലെ മന്ദവേല ഗ്രാമത്തിലാണ് അപകടമുണ്ടായത്
നാലുവരി പാതയുള്ള റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു വശത്തെ റോഡ് മുറിച്ച് കടന്ന ശേഷം അടുത്ത വശത്തേക്ക് കടക്കാൻ ഡിവൈഡറിന്‍റെ ഭാഗത്ത് നിൽക്കുന്നതിനിടെ പുറകിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇവരുടെ മേലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എതിർ വശത്തെ റോഡിലേക്ക് ഇരുവരും തെറിച്ചുവീണു.
ഇതിനിടെ റോഡിൽ കിടന്ന പെണ്‍കുട്ടികളുടെ ശരീരത്തിലൂടെ എതിരെ വന്ന കാർ കയറിയിറങ്ങി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിന്‍റെ ഡ്രൈവർമാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. അപകടത്തിനിടയാക്കിയ കാർ പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.